ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം ഹെപ്പറ്റൈറ്റിസ്: നിശബ്ദ കൊലയാളി, മുന്‍കരുതല്‍ ആവശ്യമെന്ന് വിദഗ്ധര്‍

293

കൊച്ചി: നിശബ്ദകൊലയാളിയെന്ന് ആരോഗ്യരംഗത്ത് അറിയപ്പെടുന്ന ഹെപ്പറ്റൈറ്റിസ്-സി (എച്ച്‌.സി.സി) കേരളത്തില്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്ന് വിദഗ്ധര്‍. കേരളത്തില്‍ ഓരോ വര്‍ഷവും ജനസംഖ്യയുടെ ഒരു ശതമാനം ഹെപ്പറ്റൈറ്റിസ്-സിയും, 2.5 ശതമാനം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും ഉണ്ടാകുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന സ്ഥലങ്ങളിലൊന്നാണ് കേരളമെന്ന് പി.വി.എസ് മെമ്മോറിയല്‍ ആശുപത്രി സി.ഇ.ഒയും ചെയര്‍മാനുമായ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹെപ്പറ്റൈറ്റിസ്-സി കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളില്‍ രോഗം തിരിച്ചറിയുന്നതിനും പുതിയ വൈദ്യശാസ്ത്ര സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി രോഗം ഇല്ലാതാക്കുന്നതിനും ബോധവത്കരണ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും പുതിയ കണക്കനുസരിച്ച്‌ ഓരോവര്‍ഷവും ലോകമെങ്ങും മൂന്നരലക്ഷംപേരുടെ മരണത്തിന് കാരണമാകുന്ന ആഗോള ആരോഗ്യപ്രശ്നമാണ് ഹെപ്പറ്റൈറ്റിസ്-സി അനുബന്ധ സിറോസിസും എച്ച്‌.സി.സിയും. ഇന്ത്യയില്‍ ഓരോവര്‍ഷവും ലക്ഷക്കണക്കിന് ആളുകളെ ഹെപ്പറ്റൈറ്റിസ്-സി രോഗം ബാധിക്കുന്നുണ്ട്. അതായത് ഓരോവര്‍ഷവും നൂറുപേരില്‍ ഒരാള്‍ക്കെങ്കിലും ഹെപ്പറ്റൈറ്റിസ്-സി വൈറസ് ബാധയേല്‍ക്കുന്നുണ്ട്. വിവിധ രക്തപരിശോധനകള്‍ വഴിയും കരളിന്‍റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടോ എന്നത് കരളിന്‍റെ ബയോപ്സി പരിശോധന വഴിയും കണ്ടെത്താനാകുമെന്ന് ഗ്യാസ്ട്രോഎന്‍ററോളജിസ്റ്റ് ഡോ. മാത്യു ഫിലിപ്പ് പറഞ്ഞു. രക്തത്തിലൂടെ പകരുന്നതും കരളിനെ ബാധിക്കുന്നതുമായ പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് ഇത്. ഹെപ്പറ്റൈറ്റിസ്-സി രോഗമുള്ള പലരും അവര്‍ക്ക് രോഗബാധയുണ്ടെന്ന കാര്യം തിരിച്ചറിയാത്തതിനാല്‍ നിശബ്ദനായ പകര്‍ച്ചവ്യാധി എന്നാണ് ഇത് അറിയപ്പെടുന്നത്. ശരിയായ രോഗനിര്‍ണയം നടത്താത്തതിനാല്‍ ആളുകള്‍ ഈ രോഗം തിരിച്ചറിയുന്നില്ല. എന്നാല്‍, അവരറിയാതെ രോഗം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കുന്നു. അതുകൊണ്ടു തന്നെ പൊതുജനങ്ങള്‍ക്കും രോഗികള്‍ക്കും രോഗിക്കൊപ്പമുള്ള സഹായികള്‍ക്കും ബന്ധുക്കള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഈ രോഗത്തെക്കുറിച്ചും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സയ്ക്കുമുള്ള കാര്യങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.ഹെപ്പറ്റൈറ്റിസ്-സി രോഗബാധയുള്ള ഒരാളില്‍ നിന്ന് രക്തം സ്വീകരിക്കുന്നതു വഴിയും, കുത്തിവയ്ക്കാനുള്ള സൂചികളോ മറ്റ് ഉപകരണങ്ങളോ പല ആളുകളില്‍ ഉപയോഗിക്കുന്നതുമൂലവും ഹെപ്പറ്റൈറ്റിസ്-സി പകരും. രോഗം തടയാന്‍ നിലവില്‍ വാക്സിനേഷന്‍ ലഭ്യമല്ല. എന്നാല്‍, രോഗത്തിനെതിരേ 12 മുതല്‍ 24 വരെ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഫലപ്രദമായ ചികിത്സകള്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെങ്ങും 184 ദശലക്ഷം ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി രോഗബാധയുണ്ടാകുന്നെന്നാണ് കണക്ക്. ഇന്ത്യയില്‍ സ്വമനസാലുള്ള രക്തദാനത്തിലൂടെ 0.8 മുതല്‍ 1.6 ശതമാനം വരെ ആളുകളില്‍ രോഗബാധയുണ്ടാകുന്നു. പനി, ക്ഷീണം, വിശപ്പില്ലായ്മ, മനംപുരട്ടല്‍, ഛര്‍ദ്ദി, വയറ്റില്‍ വേദന, കടുംനിറത്തിലുള്ള മൂത്രം, നരച്ച നിറത്തിലുള്ള മലം, സന്ധികള്‍ക്ക് വേദന, അല്ലെങ്കില്‍ മഞ്ഞപ്പിത്തം എന്നിവയാണ് സാധാരണ ഗതിയിലുള്ള എച്ച്‌.സി.വി ലക്ഷണങ്ങളെന്ന് ഡോ. പ്രകാശ് സഖറിയാസ് ചൂണ്ടിക്കാട്ടി. രണ്ട് ഘട്ടമായിവേണം എച്ച്‌.സി.വി പരിശോധന നടത്താന്‍. ആദ്യഘട്ടത്തില്‍ എച്ച്‌.സി.വി ആന്‍റിബോഡി കണ്ടെത്തുകയും പോസിറ്റീവ് ആണെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തുകയും വേണം. പി.സി.ആര്‍ പരിശോധനയിലും പോസീറ്റീവ് ആണെങ്കില്‍ അയാള്‍ നിലവില്‍ എച്ച്‌.സി.വി ബാധിതനാണ്. ഹെപ്പറ്റൈറ്റിസ്-സിയെ അപേക്ഷിച്ച്‌ ഹെപ്പറ്റൈറ്റിസ്-ബി എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഇവയ്ക്ക് വാക്സിനേഷനും ലഭ്യമാണെന്നും ഇവര്‍ പറഞ്ഞു.