സ്വതന്ത്ര്യ ദിന തലേന്ന് അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്

236

സ്വാതന്ത്ര്യ ദിനത്തിന് തലേന്ന് ജമ്മു കശ്‍മീരിലെ പൂഞ്ച് സെക്ടറില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിനുനേരെ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം.
ഇന്ത്യന്‍ ഭാഗത്ത് നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെ പാകിസ്ഥാന്‍ സൈന്യം വെടിവെയ്‌ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് മനീഷ് മെഹ്‍‍ത പറഞ്ഞു. ആദ്യം ശക്തി കുറഞ്ഞ മെഷീന്‍ ഗണ്ണുകള്‍ ഉപയോഗിച്ചും പിന്നീട് ശക്തിയേറിയ മെഷീന്‍ ഗണ്ണും ഉപയോഗിച്ചാണ് പാക് സൈന്യം ഇന്ത്യന്‍ ക്യാമ്പ് ആക്രമിച്ചത്. ഇന്ത്യന്‍ സൈന്യം തിരിച്ചും ആക്രമണം നടത്തി. അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം മോര്‍ട്ടാര്‍ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പൂഞ്ചിലെ ചന്തയിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.