മുംബൈ – തിരുവനന്തപുരം ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

187

തിരുവനന്തപുരം∙ മുംബൈ – തിരുവനന്തപുരം ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലാണു വിമാനമിറക്കിയത്. സാങ്കേതിക തകരാറെന്ന സംശയത്തെ തുടർന്നാണ് എമർജൻസി ലാൻഡിങ്ങിനു പൈലറ്റ് അനുമതി തേടിയത്. വിമാനത്തിന്റെ മുൻ ചക്രം താഴേക്കു വരാതിരുന്നതാണ് ആശങ്കയ്ക്കിടയാക്കിയത്. എന്നാൽ ലാൻഡിങ്ങിന്റെ സമയത്തു യാതൊരു തരത്തിലുമുള്ള തടസ്സങ്ങളുമുണ്ടായില്ല. ചക്രം കൃത്യമായിത്തന്നെ താഴുകയും ലാൻഡിങ് സുഗമമാകുകയും ചെയ്തു.

എമർജൻസി ലാൻഡിങ്ങിനു പൈലറ്റ് അനുമതി തേടിയ ഉടൻതന്നെ അതിനുള്ള എല്ലാ തയാറെടുപ്പുകളും വിമാനത്താവളത്തിൽ നടത്തിയിരുന്നു. മുംബൈയിൽനിന്നു തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനമാണ് നിലത്തിറക്കിയത്. 161 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്. കൂടുതൽ പരിശോധനകൾക്കായി വിമാനം മാറ്റി.