പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടില്ല ; ഷെരീഫിനെ തള്ളി ഇന്ത്യന്‍ സേന

172

ഇസ്‍ലാമാബാദ്• നിയന്ത്രണരേഖ മറികടന്നു നടത്തിയ ആക്രമണത്തില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച്‌ ഇന്ത്യന്‍ സൈന്യം. ആക്രമണത്തില്‍ കൊല്ലപ്പെട്ടതു മുഴുവന്‍ ഭീകരരാണ്. ഇതിനുള്ള വിഡിയോ തെളിവുകള്‍ ഇന്ത്യന്‍ സേനയുടെ കൈവശമുണ്ട്. പൈലറ്റില്ലാ വിമാനം ഉപയോഗിച്ച്‌ ആക്രമണത്തിന്റെ മുഴുവന്‍ വിഡിയോയും ശേഖരിച്ചിട്ടുണ്ട്. സാഹചര്യം വരുമ്ബോള്‍ ഇതു പുറത്തുവിടുമെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.നേരത്തെ, ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ച്‌ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് രംഗത്തെത്തിയിരുന്നു. സമാധാനത്തിനുള്ള ഞങ്ങളുടെ ആഗ്രഹം ബലഹീനതയായി വ്യാഖ്യാനിക്കരുത്. ഇന്ത്യയുടെ ആക്രമണത്തില്‍ രണ്ടു പാക്ക് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ ആക്രമണത്തെ അപലപിക്കുന്നുവെന്ന് ഷെരീഫ് പറഞ്ഞു. ഒന്‍പതു സൈനികര്‍ക്കു പരുക്കേറ്റതായി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.നിയന്ത്രണരേഖയ്ക്കു സമീപം പാക്ക് അധീന കശ്മീരിലെ ഭീംബര്‍, ഹോട്ട്സ്പ്രിങ്, കേല്‍, ലിപ സെക്ടറുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതെന്ന് ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ രണ്ടു പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാനിലെ പ്രമുഖ മാധ്യമം ഡോണ്‍ റിപ്പോര്‍ട്ടു ചെയ്തു. പുലര്‍ച്ചെ 2.30നു തുടങ്ങിയ ആക്രമണം രാവിലെ എട്ടിനാണ് അവസാനിച്ചത്. പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവയ്പ്പിനെതിരെ പാക്കിസ്ഥാന്‍ ശക്തമായി തിരിച്ചടിച്ചതായും ഐഎസ്പിആര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയതായി ഡോണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.പാക്ക് അധീന കശ്മീരില്‍ നിയന്ത്രണരേഖ കടന്നാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകര ക്യാംപുകള്‍ തകര്‍ത്തു. ഇത്തരത്തിലുളള മിന്നലാക്രമണം ഇനി തുടരില്ലെന്നും വേണ്ടിവന്നാല്‍ തിരിച്ചടിക്കാന്‍ സേന സുസജ്ജമാണെന്നും മിലിട്ടറി ഓപ്പറേഷന്‍സ് ഡിജി: ലഫ്റ്റന്റ് ജനറല്‍ റണ്‍ബീര്‍ സിങ് പാക്കിസ്ഥാനു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY