നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടിച്ച്‌ ഇന്ത്യ

166

ന്യൂഡല്‍ഹി• പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ്ങും ആവര്‍ത്തിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ ഒടുവില്‍ അക്ഷരംപ്രതി ശരിയായി. ഉറി കരസേനാ താവളത്തിലെ ഭീകരാക്രമണത്തിനു നിശ്ചയിച്ച സമയത്ത്, സ്ഥലത്ത് തിരിച്ചടി നല്‍കുമെന്ന വാക്കുകളാണു മിന്നലാക്രമണത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചിരിക്കുന്നത്. 18 ധീരജവാന്‍മാരുടെ ജീവനെടുത്ത പാക്ക് പ്രകോപനത്തോടു വൈകാരികമായി പ്രതികരിക്കാതെ, തക്കം പാര്‍ത്തിരുന്ന് ഇന്ത്യ നല്‍കിയ മറുപടിയാണ് ഇന്നു കണ്ടത്.ബുധന്‍ രാത്രിയോടെയാണ് അതിര്‍ത്തി കടന്ന് ഇന്ത്യ മിന്നലാക്രമണം നടത്തിയതെന്നു സംഭവം പുറത്തുവിട്ട സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ലഫ്.ജനറല്‍ രണ്‍ബീര്‍ സിങ് വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഉറി ആക്രമണത്തിന് 10 ദിവസം പ്രായമാകുമ്ബോഴാണ് അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ തിരിച്ചടി. മറുഭാഗത്തു കനത്ത ആഘാതമാണ് ഇന്ത്യയുടെ മിന്നലാക്രമണം ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൃത്യമായ മുന്നൊരുക്കത്തോടെയായിരുന്നു ഇന്ത്യന്‍ സൈനിക നടപടി.ഇന്ത്യയിലേക്ക് കടക്കാന്‍ തയാറെടുക്കുന്ന ഭീകരര്‍ക്ക് അതിര്‍ത്തിയില്‍ പരിശീലനം നല്‍കിവന്ന അഞ്ചോളം ഭീകരക്യാംപുകളാണ് ഇന്ത്യ മിന്നലാക്രമണത്തിലൂടെ തകര്‍ത്തതെന്നാണു ലഭിക്കുന്ന വിവരം. വിവിധ ഭീകരസംഘടനകളുടേതാണ് ഈ ക്യാംപുകള്‍. ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തയാറെടുത്തു ഭീകരര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയതെന്നും ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് വിശദീകരിച്ചിരുന്നു. നാലു മേഖലകളിലെ എട്ടിടങ്ങളിലായിട്ടായിരുന്നു ഇന്ത്യയുടെ പ്രഹരം. നിയന്ത്രണ രേഖയില്‍നിന്ന് മൂന്നു കിലോമീറ്ററോളം ഉള്ളില്‍ കടന്ന് പാക്ക് അധീന കശ്മീരിലെ ഭീംബര്‍, ഹോട്ട്സ്പ്രിങ്, കേല്‍ ആന്‍ഡ് ലിപ സെക്ടറുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ജമ്മു കശ്മീര്‍ ഗവര്‍ണര്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി എന്നിവരെ ആക്രമണത്തിന്റെ കാര്യം അറിയിക്കുകയും ചെയ്തു.

NO COMMENTS

LEAVE A REPLY