നഗ്രോത സൈനിക താവളത്തിനു നേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു ; 3 ഭീകരരെ വധിച്ചു

147

ശ്രീനഗര്‍ : നഗ്രോത സൈനിക താവളത്തിനു നേരെ ഇന്നു രാവിലെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്ന് ഭീകരരെ വധിച്ചതായും സൈന്യം അറിയിച്ചു. മരിച്ച സൈനികരില്‍ രണ്ട് ഓഫീസര്‍മാരും ഉള്‍പ്പെടുന്നു. സൈനിക താവളത്തില്‍ കടന്നുകയറിയ ഭീകര്‍ക്കുവേണ്ടിയുള്ള തിരച്ചിലും സൈനിക നടപടിയും രാത്രി ഏഴുമണിയോടെയാണ് അവസാനിച്ചത്. തോക്കുകളും ഗ്രനേഡുകളുമായി സൈനിക താവളത്തിനു നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നെന്ന് സൈനിക വക്താവ് വ്യക്തമാക്കി. നഗ്രോതയില്‍ ശ്രീനഗര്‍-ജമ്മു ദേശീയ പാതക്ക് സമീപമുള്ള താല്‍ക്കാലിക സൈനിക താവളത്തിന് അടുത്താണ് ഭീകരാക്രണമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ആക്രമണം നടന്നത്. ഭീകരര്‍ സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞ് നുഴഞ്ഞു കയറിയ ശേഷം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് വേഷത്തിലെത്തിയ മൂന്ന് പേരടങ്ങടങ്ങിയ ഭീകരരുടെ സംഘമാണ് ആക്രണം നടത്തിയത്. ഇവര്‍ സൈനിക താവളത്തിനു സമീപം 12 ജവാന്‍മാരെയും രണ്ടു സ്ത്രീകളെയും രണ്ട് കുട്ടികളെയും ബന്ദികളാക്കി. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരരെ വധിക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമായിരുന്നു. കനത്ത വെടിവെപ്പിനിടയിലാണ് ഏഴ് സൈനികര്‍ വീരമൃത്യു വരിച്ചത്. മൂന്ന് എകെ 47 തോക്കുകള്‍, 20 കെ മാഗസിന്‍, പിസ്റ്റളുകള്‍, 31 ഗ്രനേഡുകള്‍ എന്നിവ കൊല്ലപ്പെട്ട ഭീകരരില്‍നിന്ന് കണ്ടെത്തിയതായി പ്രതിരോധ വക്താവ് മനിഷ് മേത്ത പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ഗതാഗതവും തടഞ്ഞിട്ടുണ്ട്. സൈനിക താവളത്തിന്‍റെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.

NO COMMENTS

LEAVE A REPLY