നിര്‍ബന്ധിത സംഭാവന സ്വീകരിക്കില്ലെന്ന് സൈന്യം

211

മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ (എം.എന്‍.എസ്) അധ്യക്ഷന്‍ രാജ് താക്കറെയുടെ രാഷ്ട്രീയക്കളിയുടെ ഭാഗമാകാനില്ലെന്ന് ഇന്ത്യന്‍ സൈന്യം. നിര്‍ബന്ധിത സംഭാവനകള്‍ സൈന്യം സ്വീകരിക്കില്ലെന്ന് സൈനിക ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തി. സൈനിക ഫണ്ടിലേക്ക് ആര്‍ക്കും സംഭാവന നല്‍കുന്നതില്‍ തടസമില്ല. എന്നാല്‍ നിര്‍ബന്ധിത സംഭാവനകള്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക് താരങ്ങളെ അഭിനയിപ്പിക്കുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കണമെന്ന് രാജ് താക്കറെ നിര്‍ദ്ദേശിച്ചിരുന്നു.
പാക് താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹാര്‍ ചിത്രം റിലീസ് ചെയ്യുന്നതിനായി നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് താക്കറെ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. പാക് താരങ്ങള്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് നേരത്തെ എം.എന്‍.എസ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ആര്‍മി വെല്‍ഫെയര്‍ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കാമെന്ന് കരണ്‍ ജോഹാര്‍ സമ്മതിക്കുകയായിരുന്നു.

വിഷയത്തില്‍ പ്രതികരിച്ച മുന്‍ സൈനികരും എം.എന്‍.എസ് നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു. ആര്‍ക്കും ആര്‍മിക്ക് സംഭാവന നല്‍കുന്നതില്‍ തടസമില്ല. എന്നാല്‍ നിര്‍ബന്ധിച്ച്‌ നല്‍കുന്ന തുക സ്വീകാര്യമല്ലെന്ന് മുന്‍ നോര്‍ത്തേന്‍ ആര്‍മി കമാന്‍റന്‍ഡ് ലെഫ്. ജനറല്‍ ബി.എസ് ജെയ്സ്വാള്‍ പറഞ്ഞു. ദേശീയ വികാരം ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്‍ ബ്രിഗേഡിയര്‍ കുശാല്‍ ഠാക്കൂര്‍ പറഞ്ഞു. തെറ്റായ ഒരു അഞ്ച് കോടി രൂപ സംഭാന നല്‍കിയാല്‍ ശരിയാകുമോ. രാഷ്ട്രീയ നേട്ടത്തിന് സൈന്യത്തിന്‍റെ പേര് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY