വിൻഡീസ് 225നു പുറത്ത്

200

സെന്റ് ലൂസിയ ∙ ഭുവനേശ്വർ കുമാറിന്റെ ഉജ്വല ബോളിങിൽ തകർന്ന വെസ്റ്റ് ഇൻഡീസ് ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 225 റൺസിനു പുറത്ത്. നാലാം ദിനം ലഞ്ചിനു പിരിയുമ്പോൾ മൂന്നിന് 194 റൺസ് എന്ന നിലയിലായിരുന്ന ആതിഥേയർക്ക് പിന്നീട് 31 റൺസെടുക്കുമ്പോഴേക്കും ശേഷിച്ച ഏഴു വിക്കറ്റുകളും നഷ്ടമായി. 23.4 ഓവറിൽ 10 മെയ്ഡൻ എറിഞ്ഞ ഭുവനേശ്വർ വെറും 33 റൺസ് വഴങ്ങി വീഴ്ത്തിയത് അഞ്ചു വിക്കറ്റ്.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് എന്ന നിലയിലാണ്. ലോകേഷ് രാഹുൽ (28), ശിഖർ ധവാൻ (26), വിരാട് കോഹ്‌ലി (4) എന്നിവരാണ് പുറത്തായത്. രാഹാനെയും (51 റൺസ്), രോഹിത് ശർമ്മ(41)യുമാണ് ക്രീസിൽ.

നാലാം വിക്കറ്റിൽ മർലോൺ സാമുവൽസും ജെർമെയ്ൻ ബ്ലാക്ക്‌വുഡും ക്രീസിൽ നിൽക്കെ സുരക്ഷിത നിലയിലായിരുന്നു വിൻഡീസ്. എന്നാൽ ബ്ലാക്ക്‌വുഡിനെ ഭുവനേശ്വർ ക്യാപ്റ്റൻ കോഹ്‌ലിയുടെ കയ്യിലെത്തിച്ചതോടെ അവർ അവിശ്വസനീയമായി തകർന്നു. വിക്കറ്റ് കീപ്പർ ഷെയ്ൻ ഡൗറിച്ച് (18) മാത്രമാണ് പിന്നീട് രണ്ടക്കം കണ്ടത്.