ടെസ്റ്റ്: മഴയിൽ കുതിർന്ന് രണ്ടാം ദിനം

195

സെന്റ് ലൂസിയ∙ മഴ വീണ്ടും വില്ലനാകുന്നു. വെസ്റ്റ് ഇൻ‍ഡീസ്–ഇന്ത്യ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം മഴയിൽ കുതിർന്നു പോയി. കനത്ത മഴ മൂലം ഇന്നലെ ആദ്യ സെഷനിൽ ഒരു പന്തു പോലും എറിയാനായില്ല. വിൻഡീസ് 47 ഓവറിൽ ഒന്നിന് 107 എന്ന നിലയിലാണ്. കാർലോസ് ബ്രാത്‌വെയ്റ്റും (53) ഡ്വെയ്ൻ ബ്രാവോയും (18) ക്രീസിൽ.

ഇന്ത്യയുടെ 353 എന്ന സ്കോറിനെതിരെ മികച്ച രീതിയിലാണ് വിൻഡീസ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റിൽ 59 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് റൺഔട്ടായി ലിയോൺ ജോൺസൺ മടങ്ങിയത്. മുൻനിര തകർന്നെങ്കിലും മധ്യനിരക്കാരുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഉയിർപ്പ് നേടി. അഞ്ചിന് 126 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ചുമലിലേറ്റിയ രവിചന്ദ്ര അശ്വിനും (118) വൃദ്ധിമാൻ സാഹയും (104) ടീം സ്കോർ മുന്നൂറു കടത്തി. എന്നാൽ പിന്നീട് വാലറ്റവും തകർന്നതോടെ ഇന്ത്യ 353നു പുറത്തായി.

ഒന്നാം ദിനം ഡ്രിങ്ക്സിനു പിരിയുമ്പോൾ നാലിന് 112 എന്ന നിലയിലായിരുന്നു ഇന്ത്യ. രഹാനെ ഇന്ത്യയെ കരകയറ്റുമെന്നു കരുതിയെങ്കിലും അൻപതാം ഓവറിൽ വീണു. രണ്ടാം ടെസ്റ്റിലെ മാൻ ഓഫ് ദ് മാച്ച് റോസ്റ്റൺ ചേസിന്റെ പന്തിൽ ബോൾഡ്. അപ്പോൾ ടീം സ്കോർ 126. 133 പന്തിൽ 35 റൺസായിരുന്നു രഹാനെയുടെ സമ്പാദ്യം.

ഇന്ത്യ ഇരുനൂറുപോലും കടക്കുമോ എന്നു സംശയിച്ചിടത്തുനിന്ന് അശ്വിനും സാഹയും ധീരമായ ചെറുത്തുനിൽപു തുടങ്ങി. അശ്വിൻ ഉറച്ചുനിന്നപ്പോൾ സാഹ അടിച്ചു കളിച്ചു. 84–ാം ഓവറിൽ പിന്നീടൊരു വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ഇരുനൂറ് കടന്നു. അഞ്ചിന് 234 എന്ന നിലയിലാണ് ഇന്ത്യ ദിവസത്തെ കളി തീർത്തത്. ഇന്നലെ ആദ്യ സെഷനിൽ പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാമെന്ന ആവേശത്തിൽ വിൻഡീസ് ബോളർമാർ പന്തെറിഞ്ഞെങ്കിലും ഇരുവരും വീണില്ല. ലഞ്ചിനു തൊട്ടുമുൻപ് ഇന്ത്യ മുന്നൂറ് കടന്നു.

എന്നാൽ ആറാം വിക്കറ്റായി സാഹ വീണതോടെ വിൻഡീസ് ബോളർമാർ തിരിച്ചടിച്ചു. അവസാന മൂന്നു വിക്കറ്റുകൾ ഒരേ സ്കോറിലാണ് വീണത്. വിൻഡീസിനു വേണ്ടി ജോസഫും കുമ്മിൻസും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.