കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ

244

കാന്‍പുര്‍ • കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 318നെതിരെ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ന്യൂസീലന്‍ഡ് 262ന് ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലു വിക്കറ്റ് വീഴ്ത്തിയ ആര്‍.അശ്വിനുമാണ് മൂന്നാം ദിനത്തില്‍ കിവീസിന്റെ ചിറകരിഞ്ഞത്. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്ബോള്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 159 റണ്‍സ് എന്ന നിലയിലാണ്. ഒന്‍പത് വിക്കറ്റുകളും രണ്ടു ദിവസവും അവശേഷിക്കെ ഇന്ത്യയ്ക്ക് ആകെ 215 റണ്‍സിന്റെ ലീഡായി.
സ്കോര്‍: ഇന്ത്യ – 318, 159, ന്യൂസീലന്‍ഡ് – 262
രണ്ടാം ഇന്നിങ്സിലും അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ മുരളി വിജയ് (64), ചേതേശ്വര്‍ പൂജാര (50) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്സിലും ഇരുവരും അര്‍ധസെഞ്ചുറി നേടിയിരുന്നു. 38 റണ്‍സെടുത്ത ലോകേഷ് രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 50 പന്തില്‍ എട്ടു ബൗണ്ടറികളുള്‍പ്പെടെ 38 റണ്‍സെടുത്ത രാഹുലിനെ ഇഷ് സോധി റോസ് ടെയ്ലറിന്റെ കൈകളിലെത്തിച്ചു. നാലാം ദിനത്തില്‍ എത്രയും വേഗം ലീഡ് വര്‍ധിപ്പിച്ച്‌ ന്യൂസീലന്‍ഡിനെ രണ്ടാം ഇന്നിങ്സിന് ക്ഷണിക്കാനാകും ഇന്ത്യയുെട ശ്രമം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുെട സ്പിന്‍ ആക്രമണത്തെ നേരിടുന്നതില്‍ കിവീസ് താരങ്ങള്‍ പ്രകടിപ്പിക്കുന്ന മികവനുസരിച്ചിരിക്കും മല്‍സരഫലം.
നേരത്തെ, ക്യാപ്റ്റന്‍ വില്യംസണ്‍, ലാതം എന്നിവരുടെ മികവില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ കിവീസിന് മികവ് വീണ്ടെടുത്ത ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കുമുന്നില്‍ അടിപതറി. ഇന്നലെ മല്‍സരം അവസാനിപ്പിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന്റെ സമ്ബാദ്യം. ക്യാപ്റ്റന്‍ വില്യംസണ്‍ (65), ലാതം (56) എന്നിവരായിരുന്നു ക്രീസില്‍. എന്നാല്‍, സ്കോര്‍ 159ല്‍ എത്തിയപ്പോള്‍ ലാതം മടങ്ങി. വ്യക്തിഗത സ്കോറിനോട് രണ്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ലാതത്തെ അശ്വിന്‍ എല്‍ബിയില്‍ കുരുക്കി. തുടര്‍ന്നെത്തിയ പരിചയ സമ്ബന്നനായ റോസ് ടെയ്ലര്‍ രണ്ടാം പന്തില്‍ത്തന്നെ പുറത്തായി. ജഡേജയ്ക്കായിരുന്നു വിക്കറ്റ്.
75 റണ്‍സെടുത്ത വില്യംസനെയും അശ്വിന്‍ മടക്കിയതോടെ ന്യൂസീലന്‍ഡ് കൂട്ടത്തകര്‍ച്ചയിലേക്ക് നീങ്ങി. ലൂക്ക് റോഞ്ചി (38), മിച്ചല്‍ സാന്റ്നര്‍ (32), വാട്ലിങ് (21) എന്നിവര്‍ക്കു മാത്രമേ പിന്നീട് കിവീസ് നിരയില്‍ രണ്ടക്കം കടക്കാനായുള്ളൂ. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 34 ഓവറില്‍ 73 റണ്‍സ് വഴങ്ങി അ‍ഞ്ചു വിക്കറ്റ് വീഴ്ത്തി. 30.5 ഓവര്‍ ബോള്‍ ചെയ്ത അശ്വിന്‍, 93 റണ്‍സ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി.

NO COMMENTS

LEAVE A REPLY