രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ്

149

ന്യൂഡല്‍ഹി• രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ആദായനികുതി വകുപ്പിന്റെ വ്യാപക റെയ്ഡ്. 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് റെയ്‍ഡ്. പിന്‍വലിച്ച നോട്ടുകള്‍ ‘ഡിസ്കൗണ്ട്’ റേറ്റില്‍ മാറ്റി നല്‍കി വന്‍ ലാഭമുണ്ടാക്കുകയും നികുതി വെട്ടിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. ഇവരെ ഉന്നമിട്ടാണ് റെയ്ഡെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 40 ശതമാനം വരെ ലാഭവിഹിതം പറ്റിയാണ് ഇവര്‍ 500, 1000 രൂപാ നോട്ടുകള്‍ മാറ്റിനല്‍കുന്നതത്രെ. ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളില്‍ റെയ്‍ഡ് നടക്കുന്നുണ്ട്.

‍ഡല്‍ഹിയില്‍ നാലിടത്തും മുംബൈയില്‍ മൂന്നിടത്തുമാണ് നിലവില്‍ റെയ്ഡ് നടക്കുന്നത്. തലസ്ഥാന നഗരിയിലെ പ്രമുഖ വ്യാപാര കേന്ദ്രങ്ങളായ കരോള്‍ ബാഗ്, ചാന്ദ്നി ചൗക്ക് തുടങ്ങിയ ഇടങ്ങളിലും റെയ്‍ഡ് നടക്കുന്നുണ്ട്. ചണ്ഡിഗഡ്, ലുധിയാന എന്നീ നഗരങ്ങളുടെ ചില ഭാഗങ്ങളിലും റെയ്ഡ് ആരംഭിച്ചിട്ടുണ്ട്. രണ്ട് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും റെയ്‍ഡ് നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. വ്യാപാരികള്‍, ജുവലറിക്കാര്‍, കറന്‍സി എക്സ്ചേഞ്ചുകള്‍, ഹവാല ഇടപാടുകാര്‍ തുടങ്ങിയവര്‍ പിന്‍വലിക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം ലാഭവിഹിതം കൈപ്പറ്റി പുതിയ നോട്ടുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാജ്യവ്യാപകമായി വന്‍തോതില്‍ പണമൊഴുകുന്നതും നിയമവിരുദ്ധമായി പണമിടപാടുകള്‍ നടക്കുന്നതും പരിശോധിക്കണമെന്ന സിബിഡിറ്റി ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജ്യവ്യാപകമായുള്ള പരിശോധനകള്‍.
നൂറിലധികം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്നാണ് റെയ്ഡുകള്‍ നടത്തുന്നത്. ചിലയിടങ്ങളില്‍നിന്നും സംശയകരമായി കണ്ടെത്തിയ പണവും രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY