പോഷണ മാസാചരണ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ സമാരംഭവും നിർവഹിച്ചു

19

തിരുവനന്തപുരം: പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കൺസൾട്ടേഷൻ, അനിമേഷൻ വീഡിയോ, ബോധവത്ക്കരണ കാമ്പയിൻ എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.

പോഷകാഹാരത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് സെപ്റ്റംബർ ഒന്നു മുതൽ 30 വരെ ദേശീയ പോഷൻ മാസമായി ആചരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മാസാചരണത്തിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളാണ് വനിത ശിശു വികസന വകുപ്പിന് കീഴിൽ സമ്പുഷ്ട കേരളം പദ്ധതി വഴി അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നത്. ഗുരുതരമായ പോഷകാഹാരകുറവുള്ള കുട്ടികളെ കണ്ടെത്തി തുടർ നടപടികൾക്ക് വേണ്ട പ്രവർത്തനങ്ങൾ നടത്തുക, അങ്കണവാടി തലത്തിലും കുടുംബങ്ങളിലും പോഷകസമ്പന്നമായ അടുക്കളത്തോട്ടങ്ങൾ രൂപീകരിക്കൽ എന്നീ രണ്ടു പ്രവർത്തനങ്ങൾക്കാണ് ഈ വർഷം പ്രാധാന്യം നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

പോഷണ മാസാചരണത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് വിവിധ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത്. 17,675 അങ്കണവാടി കേന്ദ്രങ്ങളിൽ കാർഷിക സർവകലാശാലയുടെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവുമായി ചേർന്ന് പോഷണ കലവറ ഒരുക്കുന്നു. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ ഹോമുകളിലെ കുട്ടികളുടെ പോഷണ നിലവാരം ഉയർത്തുന്നതിനുവേണ്ടി ഒരു ദിവസം ഒരു ഫലം നൽകുന്ന പഴക്കൂട എന്ന പദ്ധതിയ്ക്കും തുടക്കമായി.

ഇന്ത്യൻ ഡയറ്റെറ്റിക് അസോസിയേഷനുമായി സഹകരിച്ചുകൊണ്ട് എല്ലാ ജില്ലകളിലെയും അങ്കണവാടിയിലെ ഗുണഭോക്താക്കളുടെ രക്ഷകർത്താക്കൾക്ക് ന്യൂട്രിഷനിസ്റ്റുമായി ടെലി കൺസൾട്ടേഷൻ ഒരുക്കുന്നു. കൂടാതെ ഐഎംഎ, ഐഎപി, എന്നിവരുമായി സഹകരിച്ചുകൊണ്ട് എല്ലാ ജില്ലകളിലെയും അങ്കണവാടിയിലെ ഗുണഭോക്താക്കളുടെ രക്ഷകർത്താക്കൾക്ക് ഡോക്ടർമാരുമായി ടെലി കൺസൾട്ടേഷനും നടത്തുന്നു. ഇതുകൂടാതെ ഒരു കുഞ്ഞിന്റെ ആദ്യത്തെ ആയിരം ദിവസങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്ന അനിമേഷൻ വീഡിയോയും പഴങ്ങളുടെയും പച്ചക്കറിയുടെയും ഗുണങ്ങൾ മനസിലാക്കുന്ന ബോധവത്കരണ കാമ്പയിനും സംഘടിപ്പിക്കുന്നു.
സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ സ്വാഗതവും പദ്ധതി വിശദീകരണവും നടത്തി. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ചന്ദ്രബാബു ആശംസയും വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ കൃതജ്ഞതയും രേഖപ്പെടുത്തി.

കൃഷി വകുപ്പിൽ നിന്നും പോഷണ കലവറ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്ന കമ്മ്യൂണിറ്റി സയൻസ് ഡിപ്പാർട്ട്മെന്റിന്റെ പ്രൊഫസർ & ഹെഡ് ഡോ. സുമ ദിവാകർ, ഡോ. ജി.കെ. ബേല, അസോസിയേറ്റ് പ്രൊഫസർ ഡോ. കൃഷ്ണജ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബി സുധ എന്നിവർ പങ്കെടുത്തു.

NO COMMENTS