ഉത്തര്‍പ്രദേശില്‍ ഗൊരഖ്പൂര്‍ തിരിച്ച് പിടിക്കാന്‍ ബിജെപി – ഇവിടെ യഥാര്‍ത്ഥ മത്സരം കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മിലാണെന്ന് വോട്ടര്‍മാര്‍.

175

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍ തിരിച്ച് പിടിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റി ബിജെപി. മുഖ്യമന്ത്രിയുടെ ഭരണം മോശമായത് കൊണ്ട് നേരത്തെ ഗൊരഖ്പൂര്‍ ബിജെപി കൈവിട്ടിരുന്നു. എന്നാല്‍ ഇത്ര കാലമായിട്ടും ആ നില മാറിയിട്ടില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് ശക്തമായി തന്നെ ഇവിടെ രംഗത്തുണ്ട്. സമാജ് വാദി പാര്‍ട്ടിയും ഒരുപോലെ ശക്തമാണ്.

ഇവിടെ യഥാര്‍ത്ഥ മത്സരം കോണ്‍ഗ്രസും എസ്പിയും തമ്മിലാണെന്ന് വോട്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ബിജെപിയുടെ രവി കിഷന്‍ അത്ര ചെറിയ സ്ഥാനാര്‍ത്ഥിയല്ലെന്നാണ് വിലയിരുത്തല്‍. മികച്ച പിന്തുണ മണ്ഡലത്തില്‍ കിഷനുണ്ട്. അവസാന നിമിഷം നരേന്ദ്ര മോദിയുടെ പ്രചാരണം എല്ലാം മാറ്റിമറിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മുമ്പ് പലതവണ മോദിയുടെ പ്രചാരണം ബിജെപിയെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

കിഴക്കന്‍ യുപിയിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളില്‍ ഒന്നാണ് ഗൊരഖ്പൂര്‍. യോഗിയുടെ തട്ടമായിട്ടാണ് ഇത് അറിയപ്പെടുന്നത്. എന്നാല്‍ കാര്യങ്ങള്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മാറിയിരുന്നു. ബിജെപിയെ വീഴ്ത്തി മഹാസഖ്യം ഈ മണ്ഡലം കൊണ്ടുപോയി. അതിന് ശേഷം മണ്ഡലത്തില്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. ഇത്തവണ ചെറിയൊരു മുന്‍തൂക്കം മണ്ഡലത്തിലുണ്ടെന്നാണ് വിലയിരുത്തല്‍.

മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടി ശക്തമായ സാന്നിധ്യമാണ്. അതേപോലെ കോണ്‍ഗ്രസിന്റെ മധുസൂദന്‍ തിവാരിയും ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. മണ്ഡലത്തില്‍ യാദവ വോട്ടുകളും മുസ്ലീം വോട്ടുകളും നിര്‍ണായകമാണ്. അത് എസ്പിക്കുള്ള മുന്‍തൂക്കമാണ്. അതേസമയം സെലിബ്രിറ്റി പരിവേഷമുള്ള രവി കിഷനെ നിര്‍ത്തിയതിലൂടെ ജാതിസമവാക്യം ഇല്ലാതാക്കിയിരിക്കുകയാണ് ബിജെപി. പ്രധാനമായും ഭോജ്പുരി സിനിമാ താരമെന്ന നേട്ടം രവി കിഷന് ലഭിക്കും.

ഗൊരഖ്പൂര്‍ പിടിച്ചാല്‍ അത് കിഴക്കന്‍ യുപിയില്‍ മൊത്തത്തില്‍ ഗുണം ചെയ്യും. അതാണ് ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ശക്തമായി രംഗത്ത് വരാന്‍ കാരണം. മഹാസഖ്യം ശക്തമായത് കൊണ്ടും പ്രിയങ്ക ഗാന്ധിയുടെ വരവോടെയും ബിജെപി കിഴക്കന്‍ യുപിയില്‍ കനത്ത ആശങ്കയിലാണ്. മഹാസഖ്യം ഇവിടെയുള്ള മണ്ഡലങ്ങള്‍ തൂത്തുവാരുമെന്ന് ഉറപ്പാണ്. അഞ്ച് തവണ യോഗി ആദിത്യനാഥ് പ്രതിനിധീകരിച്ച മണ്ഡലമാണിത്.

ഗൊരഖ്പൂരില്‍ 20 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ ഏറ്റവുംവലിയ വിഭാഗം നിഷാദ് വിഭാഗമാണ്. ബിജെപിയും കോണ്‍ഗ്രസും നിഷാദ് നേതാവിനെ കളത്തിലിറക്കാനും കാരണമിതാണ്. 2.63 ലക്ഷം വോട്ടര്‍മാര്‍ നിഷാദ് വിഭാഗത്തില്‍ നിന്നാണ്. ദളിതുകള്‍ 2.6 ലക്ഷം വോട്ടര്‍മാരായിട്ടുണ്ട്. യാദവ വോട്ടര്‍മാര്‍ 2.40 ലക്ഷമുണ്ട്. 2018ലെ ഉപതിരഞ്ഞെടുപ്പില്‍ ഇതില്‍ നല്ലൊരു ഭാഗവും, ഒപ്പം മുസ്ലീം വോട്ടുകളും എസ്പിയുടെ സ്ഥാനാര്‍ത്ഥിക്കാണ് ലഭിച്ചത്. അതേസമയം നിഷാദ് പാര്‍ട്ടി നേതാവ് പ്രവീണ്‍ നിഷാദ് മഹാസഖ്യം വിട്ടതാണ് ആകെയുള്ള ആശങ്ക.

ഗൊരഖ്പൂരില്‍ 7.5 ലക്ഷം മുന്നോക്ക വോട്ടര്‍മാരുണ്ട്. ബിജെപി നിഷാദ് നേതാവിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുന്നോക്ക വോട്ടുകള്‍ നഷ്ടപ്പെടും. അതുകൊണ്ട് ഇവിടെ രവി കിഷനെ സ്ഥാനാര്‍ത്ഥിയാക്കിയത്. പക്ഷേ മുസ്ലീം വോട്ടുകളും അതോടൊപ്പം മുന്നോക്ക വോട്ടുകളും കോണ്‍ഗ്രസിലേക്ക് പോകും. കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ മഹാസഖ്യത്തെ ഇവിടെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഹിന്ദു യുവ വാഹിനി അടക്കമുള്ളവര്‍ യോഗി ആദിത്യനാഥിനെതിരെ പ്രചാരണം നടത്തുന്നുണ്ട്. അതും വലിയ തിരിച്ചടിയായി മാറും. നേട്ടം കോണ്‍ഗ്രസിന് കൂടി ലഭിക്കും.

NO COMMENTS