ഇടുക്കി ആര്‍ച്ച്‌ ഡാമില്‍ പാറ അടര്‍ന്നു വീണു

222

ഇടുക്കി അര്‍ച്ച്‌ ഡാമിന്റെ പിന്‍ ഭാഗത്ത് കൂറ്റന്‍ പാറ അടര്‍ന്നു വീണു. അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്ന കുറവന്‍ മലയുടെ ഭാഗമായ പാറക്കഷ്ണമാണ് അടര്‍ന്നു വീണത്. ഡാമിന്റെ പിന്‍ഭാഗത്ത് സ്ഥാപിച്ചിരുന്ന ഏണിയുടെ പടികളും കല്ലു വീണു തകര്‍ന്നു.ആര്‍ച്ച്‌ ഡാമിന്റെ അടിത്തട്ടില്‍ നിന്നു 160 അടി ഉയരത്തില്‍ നിന്നുമാണ് പാറ അടര്‍ന്നു വീണത്. അണക്കെട്ടിന്റെ ഭിത്തിയില്‍ പല ഭാഗത്തായി ഇടിച്ചാണ് പാറ താഴെയെത്തിയത്. പിന്‍ഭാഗത്ത് ഉദ്യോഗസ്ഥര്‍ക്ക് കയറി പരിശോധന നടത്താനായി സ്ഥാപിച്ചിരുന്ന ഇരുന്പ് ഏണിയുടെ പടികളും വീഴ്ചയില്‍ തകര്‍ന്നു. താഴ് ഭാഗത്തെ കൈവരികളും കല്ലുകള്‍ വീണു തകര്‍ന്നിട്ടുണ്ട്. മുകള്‍ ഭാഗത്തുള്ള കോണ്‍ക്രീറ്റ് തൂണിനും തകരാര്‍ പറ്റി.മുന്പ് പലതവണ ഇത്തരത്തില്‍ കുറവന്‍, കുറത്തി മലകളില്‍ നിന്നു പാറ അടര്‍ന്നു വീണിട്ടുണ്ട്. എന്നാല്‍ അണക്കെട്ടിന്റെ ഭിത്തിയില്‍ പതിക്കുന്നത് ആദ്യമായിട്ടാണ്. ഇതേത്തുടര്‍ന്ന് ആ ഭാഗത്തേയ്‍ക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നേരത്തെ നിരോധിച്ചു. സംഭവം അറിഞ്ഞ് കെഎസ്‌ഇബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് പരിശോധന നടത്തി.അടര്‍ന്നുവീണ കല്ലുകള്‍ നീക്കം ചെയ്തു. ആ ഭാഗത്ത് ഇളകിയിരുന്ന കല്ലുകളും മാറ്റി. മഴയും വെയിലും മാറിമാറി ഏല്‍ക്കുന്നതു മൂലം പാറയിലുണ്ടായ വിള്ളലാണ് ഇതിനു കാരണമെന്നാണ് കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്. പാറക്കഷ്ണം അടര്‍ന്നു വീണത് അണക്കെട്ടിന്റെ സുരക്ഷക്ക് ഭീഷണിയല്ലെന്ന് കെഎസ്‌ഇബി അധികൃതര്‍ പറഞ്ഞു.ഇത്തരത്തില്‍ അടര്‍ന്നു വീഴാന്‍ സാധ്യതയുള്ള പാറക്കഷ്ണങ്ങള്‍ കന്പി ഉപയോഗിച്ച്‌ ബന്ധിപ്പിക്കാറുള്ളതാണ്. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ഭൗമശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ പഠനം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കെഎസ്‌ഇബി ഡാം സുരക്ഷാ വിഭാഗം.

NO COMMENTS

LEAVE A REPLY