ഐഡിയ സേവനം നിലച്ചു : ഉപഭോക്താക്കള്‍ ഓഫീസ് ഉപരോധിക്കുന്നു

236

കൊച്ചി : ‘ആന്‍ ഐഡിയ ക്യാന്‍ ചേയ്ഞ്ച് യുവര്‍ ലൈഫ്’ എന്ന പരസ്യവാചകത്തോടെ ഉപഭോക്താക്കളെ ക്ഷണിച്ചിരുന്ന ഐഡിയയുടെ സേവനം നിലച്ചു. രാവിലെ പത്തര മുതലാണ് സങ്കേതിക തകരാറിനെ തുടര്‍ന്ന് ഐഡിയ നെറ്റ് വര്‍ക്ക് നിശ്ചലമായത്. ഇതോടെ പലരുടെയും ജീവിതം ‘ചേയ്ഞ്ചായി’. പ്രശ്നം ഫോണിന്‍റേതാണെന്ന് കരുതി ചിലര്‍ പുതിയ ഫോണ്‍ വാങ്ങി. മറ്റു ചിലര്‍ മൊബൈല്‍ സര്‍വീസിങ് കടകളില്‍ കയറിയിറങ്ങി. ഇതിനിടെ മറ്റു ചിലര്‍ കൊച്ചി വൈറ്റിലയിലെ ഐഡിയയുടെ ഓഫീസില്‍ നേരിട്ടെത്തിയതോടെ പ്രശ്നം നെറ്റ്വര്‍ക്കിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ, പ്രശ്നം ഗുരുതരമായി. ഉപഭോക്താക്കള്‍ ഓഫീസിന് മുന്നിലേയ്ക്ക് ഒഴുകിയെത്തി. ഇതോടെ രംഗം കൊഴുത്തു. പുതിയ മൊബൈല്‍ വാങ്ങി ‘ധനനഷ്ടം’ വന്നവരും, മൊബൈല്‍ ഫോണ്‍ റിപ്പയര്‍ചെയ്ത് പണം കളഞ്ഞവരും പ്രതിഷേധം മറച്ചുവച്ചില്ല. ആളുകൂടിയതോടെ പോലീസും സ്ഥലത്തെത്തി. ഇതിനിടെ ഉപഭോക്താക്കള്‍ ഓഫീസിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്‍റര്‍നെറ്റ് സംവിധാനങ്ങളും താത്കാലികമായി തകരാറിലാണ്. കേന്ദ്ര സര്‍വര്‍ ഡൗണ്‍ ആയതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാതെ ഉപഭോക്താക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.