നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സ് സെമിയില്‍

214

കൊച്ചി: ഐഎസ്‌എല്‍ മൂന്നാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിസ്ഥാനം കേരളാ ബ്ലാസ്റ്റേഴ്സ് കളിച്ചുതന്നെ നേടി. കൊച്ചിയില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്സ് സെമിയില്‍ കടന്നത്. കൊച്ചിയുടെ കളിമുറ്റത്ത് മലയാളി താരം സി.കെ. വിനീത് ഒരിക്കല്‍ക്കൂടി രക്ഷകനായതോടെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്സിന്റെ സെമിപ്രവേശനം. 14 കളികളില്‍നിന്ന് 22 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്സിന്റെ സെമിപ്രവേശം. ഡല്‍ഹി ഡൈനാമോസാണ് സെമിയില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. 66ാം മിനിറ്റിലായിരുന്നു വിനീതിന്റെ വിജയഗോള്‍. സീസണിലെ ആറാം മല്‍സരം കളിക്കുന്ന വിനീതിന്റെ അഞ്ചാം ഗോളാണിത്. ഈ വിജയത്തോടെ 14 കളികളില്‍നിന്ന് ബ്ലാസ്റ്റേഴ്സിന് 22 പോയിന്റായി. ഒന്നാം സ്ഥാനക്കാരായ മുംബൈയ്ക്ക് ഒരു പോയിന്റ് മാത്രം പിന്നില്‍. മാത്രമല്ല, ഉദ്ഘാടന മല്‍സരത്തിലെ തോല്‍വിക്ക് പകരം വീട്ടാനും ബ്ലാസ്റ്റേഴ്സിനായി. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഇതേ സ്കോറിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ആറാം വിജയമാണിതെന്ന പ്രത്യകതയുമുണ്ട്. ആറും കൊച്ചിയില്‍ത്തന്നെ.
പോയിന്റ് പട്ടികയില്‍ മൂന്നാമതുള്ള ഡല്‍ഹി ഡൈനാമോസാണ് സെമിയില്‍ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. ആദ്യ സെമിയില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്സിയും നാലാം സ്ഥാനക്കാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയും ഏറ്റുമുട്ടും. മാത്രമല്ല, കൊച്ചിയില്‍ രണ്ടു മല്‍സരങ്ങള്‍ കൂടി കാണാനും ഇതോടെ ആരാധകര്‍ക്ക് അവസരമൊരുങ്ങി. സെമിഫൈനലിന്റെ ഒരു പാദവും ഫൈനലും. ഈ മാസം 18 നാണ് ഫൈനല്‍.

NO COMMENTS

LEAVE A REPLY