നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വിജയം

237

ഗുവാഹത്തി• ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് വിജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന നോര്‍ത്ത് ഈസ്റ്റിനെ രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് കൊല്‍ക്കത്ത തോല്‍വിയിലേക്ക് തള്ളിവിട്ടത്. കൊല്‍ക്കത്തയ്ക്കായി മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ (63), സ്പാനിഷ് താരം യുവാന്‍ ബെലന്‍കോസോ (82) എന്നിവര്‍ ഗോളുകള്‍ നേടി. സീസണില്‍ പോസ്റ്റിഗയുടെ ആദ്യ ഗോളാണിത്. നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ ഉറുഗ്വായ് താരം എമിലിയാനോ അല്‍ഫാരോ (39) നേടി. സീസണില്‍ ടോപ് സ്കോറര്‍ സ്ഥാനത്തുള്ള അല്‍ഫാരോയുടെ അഞ്ചാം ഗോളാണിത്.

സീസണില്‍ മൂന്നാം വിജയം കുറിച്ച കൊല്‍ക്കത്ത ഏഴു മല്‍സരങ്ങളില്‍നിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഇത്രതന്നെ മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് മൂന്നാം സ്ഥാനത്തേക്കിറങ്ങി. ഉറുഗ്വായ് താരത്തിന്റെ ഗോളിലൂടെ മുന്നിലെത്തിയ നോര്‍ത്ത് ഈസ്റ്റിനെ പോര്‍ച്ചുഗല്‍, സ്പെയിന്‍ താരങ്ങളുടെ ഗോളുകളിലൂടെ കൊല്‍ക്കത്ത മറികടന്നുന്ന കാഴ്ചയാണ് ഗുവാഹത്തി സ്റ്റേഡിയത്തില്‍ കണ്ടത്. മൂന്നു ഗോളുകള്‍ക്കും വഴിയൊരുക്കിയതാകട്ടെ ഇന്ത്യന്‍ താരങ്ങളും. അല്‍ഫാരോയുടെ ഗോളിന് നിര്‍മല്‍ ഛേത്രി വഴിയൊരുക്കിയപ്പോള്‍, കൊല്‍ക്കത്തയുടെ രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയ ലാല്‍റിന്‍ഡികെ റാള്‍ട്ടെയും മികവുകാട്ടി.

NO COMMENTS

LEAVE A REPLY