അഴീക്കോട് – മുനമ്പം ജങ്കാർ സർവീസ് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

152

തൃശൂർ: അഴീക്കോട് മുനമ്പം ജങ്കാർ സർവീസ് സർക്കാർ ഏജൻസികളെ ഏൽപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പ്രതിദിനം നൂറുകണക്കിന് യാത്രക്കാരും ചരക്ക് വാഹനങ്ങളും ആശ്രയിക്കുന്ന ജങ്കാർ സർവീസിന്റെ ഊന്നുകുറ്റി ഒടിഞ്ഞതിനെ തുടർന്ന് 5 മാസമായി ജങ്കാർ സർവീസ് നിർത്തിയിരിക്കുകയാണെന്ന പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.

കമ്മീഷൻ ജങ്കാർ നടത്തിപ്പുകാരായ ജില്ലാ പഞ്ചായത്തിൽ നിന്നും റിപ്പോർട്ട് വാങ്ങി. 2018 ജൂൺ 18 നാണ് ബൊള്ളാർഡ് പോളുകൾ ഒടിഞ്ഞതിനെ തുടർന്ന് സർവീസ് നിർത്തിയത്. കരാറുകാരൻ ബദൽ സംവിധാനമായി ബോട്ട് സർവീസ് നടത്തുന്നുണ്ട്.

ജങ്കാറിന്റെ അറ്റകുറ്റ പണികൾ നടത്തുന്നത് കേന്ദ്ര സർക്കാർ സ്ഥാപനമായ കൊച്ചിൻ ഷിപ്പിയാഡാണ്. കേടായ ഭാഗം മാറ്റുന്നതിന് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പുമായി 37,80,000 രൂപയുടെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 10 ലക്ഷം രൂപയുടെ ആദ്യഗഡു കൈമാറി ജങ്കാർ സർവീസ് സർക്കാർ ഏജൻസികളെ ഏൽപ്പിക്കാൻ അനുവാദത്തിനായി സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ജങ്കാർ സർവീസ് ഏറ്റെടുത്തു നടത്താനുള്ള കാലാവധി 2021 മേയ് 15 വരെയാണ്.

ആയിരക്കണക്കിന് യാത്രക്കാർ ഉപയോഗിക്കുന്ന സർവീസ് മാസങ്ങളായി മുടങ്ങിയത് മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. ബദൽ സംവിധാനം കൊണ്ട് പ്രയോജനമില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

അഴീക്കോട് -മുനമ്പം ജങ്കാർ സർവീസ് അറ്റകുറ്റപണിചെയ്യാൻ ഏൽപ്പിച്ച കരാറുകാരെ കൊണ്ട് അടിയന്തിരമായി പണി പൂർത്തിയാക്കി സർവീസ് പുനരാരംഭിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തൃശൂർ ജില്ലാ കളക്ടർക്കും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്. അഴീക്കോട് സ്വദേശി ബ്രിജിലാൽ നൽകിയ പരാതിയിലാണ് നടപടി.

NO COMMENTS