അമെയ്സ് വിൽപ്പന 2 ലക്ഷം പിന്നിട്ടു

249

ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള കോംപാക്ട് സെഡാനായ ‘അമെയ്സി’ന്റെ വിൽപ്പന രണ്ടു ലക്ഷം യൂണിറ്റ് പിന്നിട്ടു. 2013 ഏപ്രിലിൽ അരങ്ങേറ്റം കുറിച്ച ‘അമെയ്സി’ലൂടെയാണു ഹോണ്ട കാഴ്സ് ഡീസൽ വിഭാഗത്തിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചത്. ഹോണ്ട കാഴ്സ് ഇന്ത്യയുടെ ശ്രേണിയിൽ പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കെത്തിയ ആദ്യ മോഡൽ എന്ന പെരുമയും ‘അമെയ്സി’നു തന്നെ. അരങ്ങേറ്റം കഴിഞ്ഞ് 16 മാസത്തിനുള്ളിൽ ഒരു ലക്ഷ യൂണിറ്റിന്റെ വിൽപ്പന സ്വന്തമാക്കാൻ ‘അമെയ്സി’നു കഴിഞ്ഞിരുന്നു: ഇതോടെ ഹോണ്ട ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളിൽ ഏറ്റവും വേഗം ഒരു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിക്കുന്ന കാറുമായി ‘അമെയ്സ്’. പുറത്തെത്തി മൂന്നു വർഷം കൊണ്ട് രണ്ടു ലക്ഷം യൂണിറ്റ് വിൽപ്പന കൈവരിച്ചത് ‘അമെയ്സി’നെ സംബന്ധിച്ചിടത്തോളം ഉജ്വല നേട്ടമാണെന്ന് ഹോണ്ട കാഴ്സ് സീനിയർ വൈസ് പ്രസിഡന്റ് (മാർക്കറ്റിങ് ആൻഡ് സെയിൽസ്) ജ്ഞാനേശ്വർ സെൻ അഭിപ്രായപ്പെട്ടു. പുതിയ ഉപയോക്താക്കളെ ഹോണ്ട കുടുംബത്തിൽ അംഗങ്ങളാക്കാനും ‘അമെയ്സി’നു സാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പണത്തിനൊത്ത മൂല്യത്തിനൊപ്പം ഹോണ്ടയുടെ കരുത്തായ ഗുണമേന്മയും ദൃഢതയും വിശ്വാസ്യതയുമൊക്കെ സംഗമിക്കുന്നതിനാൽ വൻനഗരങ്ങളിൽ മാത്രമല്ല ചെറു പട്ടണങ്ങളിലും ‘അമെയ്സി’നു മികച്ച സ്വീകാര്യതയുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ മാർച്ചിൽ ‘അമെയ്സി’ന്റെ പരിഷ്കരിച്ച പതിപ്പും ഹോണ്ട പുറത്തിറക്കിയിരുന്നു. ധീരത തുളുമ്പുന്ന രൂപകൽപ്പനയും പ്രീമിയം അകത്തളവും ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയായിരുന്നു നവീകരിച്ച ‘അമെയ്സി’ന്റെ സവിശേഷത. കൂടാതെ കണ്ടിന്വസ്ലി വേരിയബ്ൾ ട്രാൻസ്മിഷൻ(സി വി ടി) സഹിതവും ഹോണ്ട ‘അമെയ്സ്’ ലഭ്യമാക്കി; ഈ വിഭാഗത്തിൽ സി വി ടി സാങ്കേതികവിദ്യയോടെ ലഭിക്കുന്ന, പെട്രോൾ എൻജിനുള്ള ആദ്യ കാറുമായി ഇതോടെ ‘അമെയ്സ്’. വൺ ക്ലാസ് എബൗവ് ഇന്റീരിയർ ഡിസൈൻ, ഇരട്ട വർണ, ഫ്യൂച്ചറിസ്റ്റിക് കോക്പിറ്റ്, സിൽവർ അക്സന്റുള്ള ഇൻസ്ട്രമെന്റ് പാനൽ, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ(എം ഐ ഡി) സഹിതം ത്രിമാന സ്പീഡോമീറ്റർ തുടങ്ങിയവയും കാറിന്റെ സവിശേഷതകളായി ഹോണ്ട അവരിപ്പിക്കുന്നു.

‘ബ്രയോ’യിലെ 1.2 ലീറ്റർ ഐ വിടെക് പെട്രോൾ എൻജിനു പുറമെ 1.5 ലീറ്റർ, ഐ ഡി ടെക് ഡീസൽ എൻജിൻ സഹിതവും ‘അമെയ്സ്’ വിൽപ്പനയ്ക്കെത്തുന്നുണ്ട്. പെട്രോൾ, ഡീസൽ എൻജിനുകൾക്കൊപ്പം നാലു വീതം വകഭേദങ്ങളിൽ മാനുവൽ ട്രാൻസ്മിഷനോടെ ഈ കാർ വിൽപ്പനയ്ക്കുണ്ട്: ഇ, എസ്, എസ് എക്സ്, വി എക്സ്. കൂടാതെ പെട്രോൾ എൻജിനുള്ള എസ്, വി എക്സ് വകഭേദങ്ങൾക്കൊപ്പം സി വി ടി ട്രാൻസ്മിഷനും ലഭ്യമാണ്. പുതുവർണമായ ബ്ലൂയിഷ് ടൈറ്റാനിയം മെറ്റാലിക് അടക്കം ഏഴു നിറങ്ങളിൽ ‘അമെയ്സ്’ വാങ്ങാം; കർണെലിയൻ റെഡ് പേൾ, അർബൻ ടൈറ്റാനിയം മെറ്റാലിക്, അലബസ്റ്റർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക്, ടഫെറ്റ വൈറ്റ്, ഓർക്കിഡ് വൈറ്റ് പേൾ എന്നിവയാണു മറ്റു നിറങ്ങൾ.
manorama online