ഇ-മെയില്‍ വിവാദത്തില്‍ ഹില്ലരിക്കെതിരെ തെളിവില്ലെന്ന് എഫ്.ബി.ഐ.

162

വാഷിങ്ടണ്‍: ഇ-മെയില്‍ വിവാദത്തില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റനെതിരെ തെളിവില്ല എന്ന് എഫ്.ബി.ഐ. ഡയറക്ടര്‍. ഹില്ലരിക്കെതിരെ നടപടികളൊന്നും ഉണ്ടാവില്ല എന്നും ജെയിംസ് ബി. കോമി അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയ കത്തില്‍ വ്യക്തമാക്കി. ഹില്ലരി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന 2009-13 കാലഘട്ടത്തില്‍ ഔദ്യോഗികവിവരങ്ങള്‍ കൈമാറാന്‍ സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. വിവാദത്തില്‍ പിന്നീട് ഹില്ലരി അമേരിക്കന്‍ ജനതയോട് മാപ്പുചോദിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ വീണ്ടും പൊങ്ങിവന്ന ഇ-മെയില്‍ വിവാദം ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. ഹില്ലരിയുടെ വിശ്വസ്തയായ ഹുമ അബേദിന്റെ ഭര്‍ത്താവിന്റെ കമ്ബ്യൂട്ടറില്‍ നിന്നു ലഭിച്ച ഇ-മെയിലുകളാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ഹില്ലരി സെക്രട്ടറിയായിരുന്ന കാലത്തെ എല്ലാ ഇ-മെയില്‍ ഇടപാടുകളും അന്വേഷണ ഏജന്‍സി പരിശോധിച്ചുവെന്നും ജൂലൈയില്‍ പറഞ്ഞ അതേ കണ്ടെത്തലിലാണ് എഫ്.ബി.ഐ. എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നും കോമി വിശദീകരിച്ചു.