മാധ്യമ വിലക്ക് : ചീഫ് ജസ്റ്റിസുമായി അഡ്വക്കേറ്റ് ജനറല്‍ കൂടിക്കാഴ്ച നടത്തി

201

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം തടഞ്ഞ സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിനായി ചീഫ് ജസ്റ്റിസുമായി അഡ്വക്കേറ്റ് ജനറല്‍ കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നു ചീഫ് ജസ്റ്റിസ് അറിയിച്ചതായി അഡ്വക്കേറ്റ് ജനറല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ചീഫ് ജസ്റ്റിസിന്‍റെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗ തീരുമാനത്തിന് വിരുദ്ധമായി മാധ്യമപ്രവര്‍ത്തകരെ തടയാനുണ്ടായ സാഹചര്യവും പരിഹാരമാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ചില മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന അഭിഭാഷക അസോസിയേഷന്‍റെ നിലപാട് എ.ജി. ധരിപ്പിച്ചു. തുടര്‍ന്ന് അസോസിയേഷന്‍ ഭാരവാഹികളെയും എ.ജിയെയും വിളിച്ചുചേര്‍ത്തു മുതിര്‍ന്ന ജസ്റ്റിസുമാര്‍ വൈകിട്ട് ചര്‍ച്ച നടത്തി.