സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി

171

കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് ഹൈക്കോടതി. കടകള്‍ക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കി മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കണം. മദ്യ വില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്നും മദ്യക്കച്ചവടം വഴിവാണിഭത്തിന്റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുതെന്നും കോടതി നിര്‍ദേശിച്ചു. മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുമ്ബോള്‍ തന്നെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധ ചെലുത്തണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബിവറേജസ് ഔട്ട്ലെറ്റിലെ മദ്യവ്യാപാരം തന്റെ വ്യാപാര സ്ഥാപനത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ ഒരു വ്യാപാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.