മഹാരാജാസ് കോളേജില്‍ പൈതൃക സംരക്ഷണ ശില്‍പ്പശാല

118

കൊച്ചി: 2020 ല്‍ 175 വര്‍ഷം തികയുന്ന മഹാരാജാസ് എന്ന വിദ്യാലയത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ ജൂലൈ 29-ന് മഹാരാജാസ് കോളേജില്‍ പൈതൃക ശില്‍പ്പശാല സംഘടിപ്പിക്കുന്നു.

കോളേജ് ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ:പി.കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ.ജയകുമാര്‍ ആമുഖ പ്രഭാഷണം നടത്തും. ഇന്ത്യയിലെ പ്രമുഖ പുരാവസ്തു ഗവേഷകനും ബറോഡ സര്‍വകലാശാല പ്രൊഫസറുമായ കൃഷ്ണന്‍.കെ മുഖ്യപ്രഭാഷണം നടത്തും. കൊച്ചിയുടെ പൈതൃക സംരക്ഷണത്തിന്റെ മാര്‍ഗ്ഗങ്ങളെകുറിച്ച് ഡോ.വേണുഗോപാല്‍.ബി, ഡോ.ഷാജി.വി.ആര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.എം.എസ്.മുരളി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജയമോള്‍.കെ.വി, മുന്‍ പ്രിന്‍സിപ്പാള്‍മാരായ പ്രൊഫ.കെ.അരവിന്ദാക്ഷന്‍, ഡോ.മേരി മെറ്റില്‍ഡ, ഡോ.അജിത.പി.എസ്, ഡോ.കെ.എന്‍.കൃഷ്ണകുമാര്‍, ഡോ.ലതാരാജ്.പി തുടങ്ങിയവരും സംബന്ധിക്കും.

കൊച്ചിയുടെ പൈതൃക പഠന കേന്ദ്രം മഹാരാജാസില്‍ ആരംഭിക്കാനും കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ആലോക്കുന്നുണ്ട്. കോളേജില്‍ ശാസ്ത്ര-പൈതൃക മ്യൂസിയം തുടങ്ങാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. മന്ത്രി.രാമചന്ദ്രന്‍ കടന്നപ്പളളിയുടെ നിര്‍ദ്ദേശപ്രകാരം പുരാരേഖ വകുപ്പ് അദ്ധ്യക്ഷന്‍ റെജികുമാര്‍ കോളേജ് സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷ് പ്രിന്‍സിപ്പാള്‍മാരായിരുന്ന എ.എഫ്.സീലി, ഡി.എം.ക്രൂക്ക് ഷാങ്ക്, എഫ്.എസ്.ഡേവീസ്, എച്ച്.ആര്‍.മില്‍സ്, ഗ്ലിന്‍ ബാര്‍ലേ തുടങ്ങിയവരുടെ കാലത്തെ രേഖകള്‍ ഇന്ന് കോളേജില്‍ ലഭ്യമാണ്. മഹാത്മാഗാന്ധി, മഹാകവി ടാഗോര്‍, സി.വി.രാമന്‍, ജയപ്രകാശ് നാരായണന്‍ എന്നിവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കപ്പെടണം. കൊച്ചിയുടെ സാമൂഹ്യ ചരിത്രം നിര്‍മ്മിക്കാനാവശ്യമായ രേഖകളാണ് ഇവയില്‍ പലതും.

ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവരും മഹാജാരാജാസ് കോളേജ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരും ശില്‍പ്പശാല കണ്‍വീനര്‍ ഡോ.വിനോദ്കുമാര്‍ കല്ലോലിക്കലിനെ ഫോണ്‍ 9746179123 അറിയിക്കണം.

NO COMMENTS