ദൈവത്തിനും മനുഷ്യനും ഇടയിൽ ഒരാൾ

276

കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കു പോയ സുഹൃത്തിന്റെ അനുഭവമാണ്. ചിക്കൻഗുനിയ അതിന്റെ രണ്ടാം വരവിൽ കേരളത്തെ ഉലച്ച സമയം. കോട്ടയം നഗരപ്രദേശത്തൊന്നും പനി ജീവനെടുത്തിട്ടില്ല. പാരസെറ്റമോളും ചൂടുവെള്ളവും പ്രാർഥനയും കൊണ്ട് പനിയെ കുടഞ്ഞു കളയാനാകാതെ വന്നപ്പോൾ ഡോക്ടറെക്കാണാൻ പോയി. ഒരു ഡ്യൂട്ടി ഡോക്ടർ ചെറുപ്പത്തിന്റെ തിളക്കവുമായി കൺസൾട്ടേഷൻ മുറിയിൽ. രോഗികളുടെ തിരക്കില്ല. ഒന്നോ രണ്ടോ പേർ അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു. അൽപം രൂക്ഷമായിത്തന്നെയാണ് ഡോക്ടറദ്ദേഹം നേരിട്ടത്.

എന്താ വന്നതെന്ന ഈർഷ്യകലർന്ന ഡോക്ടർ ചോദ്യത്തിന് പനിയാണെന്നു മറുപടി നൽകി. പിന്നെന്തെങ്കിലും പറയുന്നതിനു മുമ്പേ വർഷാവസാനപരീക്ഷയ്ക്ക് ഉപന്യാസം എഴുതുന്ന വേഗത്തിൽ മരുന്ന് കുറുപ്പിൽ തിരക്കിട്ട് മൂന്നു മരുന്നുകൾ എഴുതി. കുറിപ്പടി കീറി എറിഞ്ഞു കൊടുത്തു. ഇതിനെല്ലാം കൂടി എടുത്തത് വെറും പത്തുസെക്കൻഡ്. രോഗിയുടെ ജീവനെടുക്കാൻ പ്രാപ്തിയുള്ളവ മുതലുള്ള അഞ്ചോളം പനികൾ കേരളത്തിൽ നടമാടുന്ന ആ സമയത്ത് രോഗിയുടെ മുഖത്തുപോലും നോക്കാതെ മരുന്നെഴുതാൻ ദിവ്യദൃഷ്ടി സിദ്ധിച്ച ആ ഡോക്ടറിനെ സുഹൃത്ത് അത്ഭുതത്തോടെയാണ് നോക്കിയത്. രോഗവിവരമൊന്നും കേട്ടില്ലല്ലോ എന്നു ചോദിച്ചപ്പോൾ താൻ പ്രശ്നമുണ്ടാക്കാനാണോ ഇങ്ങോട്ടു വന്നതെന്നായി ഡോക്ടർ. ഒപ്പം, മരുന്നെഴുതിക്കിട്ടിയില്ലേ, ഇനി സ്ഥലം വിടാൻ ഭീഷണിയും.

ഇതേ പനിയുമായി സുഹൃത്ത് നഗരത്തിലെ പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് പോയി. രക്തപരിശോധന എക്സ്റേ… ടെസ്റ്റുകൾ ധാരാളം നടന്നു. ഡോക്ടർ മരുന്നു കുറിച്ചു തന്നു. പോകാൻ നേരം ഡോക്ടറോട് റിസൾട്ടിന്റെ കോപ്പി ചോദിച്ചപ്പോൾ ഡോക്ടർ ചിരിച്ചു: അത് ഹോസ്പിറ്റലിൽ സൂക്ഷിക്കും. നിങ്ങൾക്കു തരില്ല. സ്വന്തം പൈസ കൊണ്ട് ചെയ്ത ടെസ്റ്റുകളുടെ റിസൾട്ട് ഇനി മുതൽ ആശുപത്രിയുടെ സ്വന്തമാണെന്ന നിയമത്തിൽ ഡോക്ടറും ഉറച്ചുനിന്നു. ഒപ്പം രോഗത്തെക്കുറിച്ച് ഒന്നും വിട്ടു പറയാൻ ഡോക്ടറും തയാറായില്ല. അതൊന്നും താനറിയേണ്ട എന്ന മട്ട്.

മറ്റൊരു സംഭവം. ഇത് മറ്റൊരു സുഹൃത്തിന്റെ അച്ഛനെ അഡ്മിറ്റ് ചെയ്തപ്പോൾ സംഭവിച്ചത്. ബൈൽ ഡക്റ്റിൽ കാൻസർ വളർച്ച കണ്ടതിനെത്തുടർന്ന് അഡ്മിറ്റ് ചെയ്തതാണ്. കാൻസർ ആണെന്ന് അച്ഛനെ അറിയിച്ചിട്ടില്ല. അതു താങ്ങാനുള്ള മനക്കരുത്ത് അദ്ദേഹത്തിനില്ലെന്ന് മക്കൾക്കറിയാം. ഒരുദിവസം പ്രധാന ഡോക്ടർ അയച്ചത് ജൂനിയർ ഡോക്ടറിനെ. കേസ് ഹിസ്റ്ററി പരിശോധിച്ച് ഒരു കൂസലുമില്ലാതെ ആ യുവാവ് രോഗിയോട് ചോദിച്ചു: ഓ… കാൻസർ ആണല്ലേ… മരണത്തിനു വിട്ടു കൊടുക്കാതെ അച്ഛനെ കാത്തുവെച്ച മക്കളുടെ നെഞ്ചിലേക്ക് തീ വാരിയിട്ട് ആ ജൂനിയർ ഡോക്ടർ കളിചിരികളുമായി അടുത്ത ബെഡിലേക്കു നടന്നു…

ഈ സംഭവകഥകൾ കേൾക്കുമ്പോൾ ഡോക്ടർമാർ ഇങ്ങനെയൊക്കെയാണല്ലോ ഞങ്ങളോടും പെരുമാറുന്നത്. അതിൽ അസ്വാഭാവികമായി ഒന്നുമില്ലല്ലോ എന്നു നമ്മളിൽ ഭൂരിപക്ഷവും ഓർക്കും. കാരണം, കേരളത്തിലെ ഒരു വിഭാഗം ഡോക്ടർമാർ ഇങ്ങനെയൊക്കെയാണ്.

പെരുമാറ്റം എങ്ങനെ വേണം?

രോഗത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള സംശയം ചോദിക്കുന്ന രോഗിയോട് തികഞ്ഞ അസഹിഷ്ണുതയോടെ പെരുമാറുന്നവരാണ് ചില ഡോക്ടർമാരെങ്കിലും. ഞാൻ മരുന്നു തരാം, ചികിത്സിക്കാം— നിങ്ങൾ കൂടുതലൊന്നും അറിയേണ്ട കാര്യമില്ല എന്നാണ് ഇവരുടെ പക്ഷം. രോഗത്തെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ മരുന്നിനെക്കുറിച്ചോ രോഗി ചോദിക്കുന്നത് ഒരു അപരാധമാണെന്ന മട്ടിൽ രോഗികളോടു പെരുമാറുന്ന ഡോക്ടർമാരുണ്ട്. മറ്റു ചിലർ രോഗി അറിയേണ്ട വസ്തുതകൾ മനഃപൂർവമോ അല്ലാതെയോ മറച്ചു വെയ്ക്കാറുണ്ട്.

ഡോക്ടറുടെ സമീപനവും രോഗിയോടുള്ള പെരുമാറ്റവും നൽകുന്ന ആത്മവിശ്വാസവും രോഗപരിഹാരത്തിനു സഹായിക്കുമെന്നു തെളിയിക്കപ്പെട്ട പഠനങ്ങൾ പോലും പുറത്തു വരുമ്പോൾ ഇത്തരം ഡോക്ടർമാർ അവരുടെ സമീപനം മാറ്റേണ്ടതല്ലേ?

ഒരു രക്ഷിതാവ് കുട്ടിയോടു സ്വീകരിക്കുന്ന നിലപാടാണ് ചില ഡോക്ടർമാരെങ്കിലും രോഗികളോടു കുറേക്കാലം മുമ്പുവരെ സ്വീകരിച്ചിരുന്നത്. രോഗിയുടെ അഭിപ്രായത്തിനോ ആശങ്കയ്ക്കോ വിലയൊന്നും കൊടുക്കാതെ അവരുടെ രോഗം മാറ്റുകയാണ് തന്റെ കടമയെന്നു മാത്രം കരുതുന്നവരായിരുന്നു പണ്ടുള്ളത്. ആ രീതി പിന്തുടരുന്ന ഡോക്ടർമാർ ഇന്നുമുണ്ട്.

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വേണോ?

ഒരു വിദ്യാർഥി ഡോക്ടറാകാൻ വന്നു ചേരുമ്പോൾ ഈ പ്രഫഷന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചോ ഇതിനു വേണ്ട സമർപ്പണത്തെക്കുറിച്ചോ ഒന്നും തന്നെ അറിയുന്നുണ്ടാവില്ല. അതിനെക്കുറിച്ച് ആ പതിനേഴു വയസുകാരനെ പറഞ്ഞു മനസിലാക്കേണ്ടി വരും.

ഡോക്ടർ മനുഷ്യനോടാണ് ഇടപെടുന്നത്. ഈ പ്രഫഷനോടുള്ള മനോഭാവം തന്നെ ഡോക്ടർ ആകാൻ വളരെ പ്രധാനമാണ്. അതിനാൽ അത്തരം മനോഭാവമുള്ളവരെ മാത്രമേ മെഡിക്കൽ വിദ്യാഭ്യാസത്തിനായി പരിഗണിക്കാവൂ. ഈ പ്രഫഷന്റെ പ്രത്യേകതകളെക്കുറിച്ചും മെഡിക്കൽ എത്തിക്സിനെക്കുറിച്ചുമെല്ലാം മെഡിസിൻ പഠനത്തിന്റെ ആദ്യവർഷത്തിൽത്തന്നെ വിദ്യാർഥികളെ പഠിപ്പിക്കുകയും വേണം.

ജനങ്ങളുടെ മനസറിയുന്നവർ കുറയുന്നോ?

പ്രവൃത്തി രംഗത്ത് ഏറ്റവും ശക്തിയുള്ള ആൾ ഡോക്ടറാണ്. ഒരു മന്ത്രിയെക്കൊണ്ട് നിവേദനം കൊടുത്താൽപ്പോലും നോക്കാം എന്നേ മന്ത്രിക്കു പറയാനാകൂ. വക്കീലിനു കേസ് ജയിപ്പിക്കാൻ പരിശ്രമിക്കാനേ കഴിയൂ. ഡോക്ടർക്ക് ഒരു രോഗം കണ്ടാൽ ഞാനിതു മാറ്റിത്തരാം എന്നു നിശ്ചയമായും പറയാനാകും.

തട്ടിപ്പുകാർ ന്യൂനപക്ഷമോ?

ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ എല്ലാക്കാലത്തും ഉണ്ടാകുന്നതാണ്. ഇതിൽ ചിലരെങ്കിലും കുറ്റം ചെയ്യുന്നവരുമാകാം. പക്ഷേ, എല്ലാവരും അങ്ങനെയെന്നു പറയാനാകില്ല. എഎംഎെ മുൻ സംസ്ഥാനസെക്രട്ടറി ഡോ ടി സുരേഷ് കുമാർ പറയുന്നു.

ഗവൺമെന്റ് ആശുപത്രികളിലെ തിരക്ക് കാണാറില്ലേ. രണ്ടു മണിക്കൂർ സമയത്തിനിടെ ഡോക്ടർക്ക് 200 രോഗികളെയൊക്കെ പരിശോധിക്കേണ്ടി വരും. ആ സമയത്ത് വിശദമായ പരിശോധന അസാധ്യമായേക്കാം. നല്ല തിരക്കുള്ള പ്രൈവറ്റ് ആശുപത്രികളിലും ചിലപ്പോൾ ഇതായിരിക്കാം അവസ്ഥ.

അപ്പോൾ പലപ്പോഴും ഡോക്ടർമാർക്ക് ഇങ്ങനെയൊക്കെ പെരുമാറേണ്ടി വരുന്നത് സാഹചര്യങ്ങൾ മൂലമായിരിക്കാം. നീതി പുർവമല്ലാത്ത പ്രവൃത്തികളിൽ ഏർപ്പെടുന്ന ഡോക്ടർമാരുണ്ടെന്നത് പച്ചപ്പരമാർഥം തന്നെ. മരുന്നു കമ്പനികളുടെ കൈയിൽ നിന്ന് ഭീമമായ പണം പറ്റി ആ സാമ്പത്തികഭാരം അന്യായമായി രോഗികളുടെ തലയിൽ കെട്ടിവെയ്ക്കുന്നവരുണ്ട്. എന്നാൽ എല്ലാ ഡോക്ടർമാരും അത്തരക്കാരാണെന്നും പറയരുത്. ഇംഗ്ലണ്ടിലൊക്കെ ഒരു ആന്റിബയോട്ടിക് ആരംഭിക്കുമ്പോൾ എക്സ്റേ, ബ്ലഡ് കൗണ്ട് ചെക്കിങ് എല്ലാം ചെയ്യണം. ഇവിടെ അതുപോലെ ഒരു ഡോക്ടർ ചെയ്യുകയാണെങ്കിൽ അതെല്ലാം ഡോക്ടർ കമ്മിഷനു വേണ്ടി ചെയ്യുന്നതാണെന്നു പറയും. ഇതു മറ്റൊരു വശം.

ഒരു നല്ല ഡോക്ടർക്ക് രോഗിയെ മനസിലാക്കാനുള്ള കഴിവുണ്ടായിരിക്കണം. നല്ല രീതിയിൽ ആശയവിനിമയം നടത്തണം. ചിലർ പറയും നമ്മൾ ചികിത്സ മാത്രം നോക്കിയാൽ പോരേ. ശാസ്ത്രം പറയുന്നത് അനുസരിച്ചാൽ പോരേ. മറ്റെല്ലാം അപ്രസക്തമല്ലേ? അല്ല, മെഡിസിൻ തീർച്ചയായും ശാസ്ത്രമാണ്. പക്ഷേ, അതിന്റെ പ്രയോഗം ഒരു കലയുമാണ്.

ഡോക്ടർമാർ ചെയ്യരുതാത്തത്

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോഡ് ഓഫ് എത്തിക്സിൽ പ്രഫഷണൽ എത്തിക്സിന്റെ ഭാഗമായി പുലർത്തേണ്ട ചില നീതിമര്യാദകളെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

സ്വയം പരസ്യം ചെയ്യരുത്. ചെയ്യുന്നുണ്ടെങ്കിൽ അത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോഡ് ഓഫ് മെഡിക്കൽ എത്തിക്സ് അനുശാസിക്കുന്നതു പ്രകാരമേ പാടുള്ളൂ. വ്യാജബില്ലുകളും സർട്ടിഫിക്കറ്റുകളും നൽകരുത്. മെഡിക്കൽ സ്റ്റോറുകളോ സർജിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനമോ നടത്തരുത്. സഹപ്രവർത്തകരെക്കുറിച്ചോ മറ്റു ഡോക്ടർമാരെക്കുറിച്ചോ അപവാദം പറയരുത്. രോഗിയുടെ വിവരങ്ങൾ രഹസ്യമാക്കി വെയ്ക്കുക. രഹസ്യക്കൂട്ടുകളോ അതുള്ള മരുന്നുകളോ എഴുതരുത്. ചികിത്സയ്ക്കു പ്രതിഫലമായി രോഗിയിൽ നിന്ന് പ്രഫഷണൽ ഫീസ് ആയി മാത്രമേ പണം വാങ്ങാവൂ.

നിയമങ്ങൾ നല്ലതാണ്. അവ ചില ഓർമപ്പെടുത്തലുകൾക്കു സഹായിക്കും. അതിനുമപ്പുറത്ത് ദൈവത്തിനും മനുഷ്യനും ഇടയിലുള്ള ഇടനിലക്കാരാണ് വൈദ്യൻ എന്ന ബോധമാണ് ഡോക്ടർമാർ തിരിച്ചു പിടിക്കേണ്ടത്. വെറും ഒരു ശരീരത്തെയല്ല, ദൈവാംശമുള്ള ഒരാത്മാവിനെയാണ് താൻ തൊടുന്നതെന്നു ഡോക്ടർമാർ അറിയുക. കാരണം ദൈവം നൽകുന്ന സൗഖ്യമാണ് വൈദ്യൻ തന്റെ കൈവിരലുകളിലൂടെ പകരുന്നത്.

രോഗിയുടെ കടമകൾ

രോഗികളുടെ രീതികളും പെരുമാറ്റവും സംബന്ധിച്ച് നിരവധി പരാതികൾ വൈദ്യസമൂഹത്തിനുണ്ട്. ഡോക്ടറെ അറിയിക്കേണ്ട പല കാര്യങ്ങളും മനപൂർവമോ അല്ലാതെയോ ഡോക്ടറിൽ നിന്നു മറച്ചു വെയ്ക്കുന്ന ചില രോഗികളുണ്ട്. ചികിത്സയുടെ ഫലമായി രോഗം കുറഞ്ഞു വരുന്നുണ്ടെങ്കിലും ഒട്ടും കുറയുന്നില്ലെന്നു വെറുതേ പരാതി പറയുന്നവരും കുറവല്ല. രോഗികൾ ഡോക്ടറോട് പറയുന്ന ഓരോ ചെറിയ കാര്യം പോലും ചികിത്സയെ സ്വാധീനിക്കും എന്നു തിരിച്ചറിയണം.

∙ രോഗം കണ്ടുപിടിക്കാനും ചികിത്സാരീതി നിശ്ചയിക്കാനും ഡോക്ടറെ സഹായിക്കുന്ന എല്ലാ വിവരങ്ങളും കൃത്യമായി ഡോക്ടറെ അറിയിക്കണം. ഇനി ഡോക്ടർ അത്ര വിശദമായി ഒന്നും ചോദിച്ചില്ലെങ്കിൽപ്പോലും വിശദമായി എല്ലാം തുറന്ന് പറയണം. മറ്റെന്തെങ്കിലും രോഗങ്ങൾക്കു നിലവിൽ മരുന്നു കഴിക്കുന്നുണ്ടെങ്കിൽ അവ ഡോക്ടറോടു പറയണം. ആറുമാസത്തെ കാലയളവിൽ എന്തെങ്കിലും പരിശോധനകൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിസൾട്ടും ഡോക്ടറെ കാണിക്കാം.

∙ ഇതേ രോഗത്തിന് മുമ്പ് മറ്റേതെങ്കിലും ചികിത്സാസമ്പ്രദായത്തിലോ മറ്റേതെങ്കിലും ഡോക്ടറിൽ നിന്നോ ചികിത്സ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതും അറിയിക്കണം.

∙ മരുന്ന്, ഭക്ഷണപഥ്യങ്ങൾ, ഉറക്കം, ശീലങ്ങൾ എന്നിവ സംബന്ധിച്ച ഡോക്ടറുടെ എല്ലാത്തരം നിർദേശങ്ങളും പാലിക്കാൻ രോഗി ബാധ്യസ്ഥനാണ്.

∙ ചികിത്സ തുടരുമ്പോൾ അതിന്റെ ഫലത്തെക്കുറിച്ച്, ഗുണമാണെങ്കിലും ദോഷമാണെങ്കിലും ചികിത്സിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറെ അറിയിക്കണം. പാർശ്വഫലങ്ങൾ കാണുകയോ ചികിത്സയ്ക്ക് ഗുണം ലഭിക്കാതിരിക്കുകയോ ചെയ്യുമ്പോൾ ഉടൻ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പോകുകയല്ല ചെയ്യേണ്ടത്.

∙ ഗുരുതരമല്ലാത്തതും സാധാരണമായതുമായ രോഗാവസ്ഥകളിൽ തുടക്കത്തിലേ വിദഗ്ധരുടെ അടുത്തേക്കു പോകാതെ ഒരു ജനറൽ ഫിസിഷന്റെ സേവനം ആദ്യം തേടുകയും തുടർനിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.
courtesy : manorama online