പാലക്കാട്ട് ഒന്നരക്കോടി രൂപയുടെ കുഴല്‍പണം പിടികൂടി

163

പാലക്കാട്ട് • പാലക്കാട്ട് രണ്ടിടങ്ങളിലായി എക്സൈസും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പണം പിടികൂടി. കോയമ്പത്തൂരില്‍നിന്ന് മലപ്പുറത്തേക്കു പണം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ അറസ്റ്റ് ചെയ്തു.
ദേശീയപാതയില്‍ വാളയാര്‍ ടോള്‍ പ്ലാസയിലും കഞ്ചിക്കോട്ടുമായി നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ പണം കടത്തിയവര്‍ പിടിയിലായത്. എക്സൈസ് ഇന്റലിജന്‍സ് വിഭാഗം കെഎസ്‌ആര്‍ടിസി ബസില്‍ നടത്തിയ പതിവു പരിശോധനക്കിടെ 29 ലക്ഷം രൂപ കണ്ടെത്തി. യാത്രക്കാരനായ മലപ്പുറം വേങ്ങര സ്വദേശി ഉസ്മാനെ അറസ്റ്റ് ചെയ്തു. രണ്ടു കാലുകളിലും പണം കെട്ടിവച്ചായിരുന്നു ഇയാളുടെ യാത്ര. കോയമ്പത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്നാണ് ഉസ്മാന്‍റെ മൊഴി. മറ്റൊരു വാഹന പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം രൂപ കസബ പൊലീസാണ് പിടികൂടിയത്. മഹാരാഷ്ട്രക്കാരും ഇപ്പോള്‍ പെരിന്തല്‍മണ്ണയില്‍ താമസിക്കുന്നവരുമായ മാരുതി ബാബു ജാദവ്, സതീശന്‍ ജാദവ് എന്നിവര്‍ അറസ്റ്റിലായി., കോയമ്പത്തൂരില്‍നിന്നു പെരിന്തല്‍മണ്ണയിലേക്കായിരുന്നു പണക്കടത്ത്. കാറിന്‍റെ രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. സ്വര്‍ണവ്യാപാരികളാണെന്നും കെട്ടിട വില്‍പനയിലൂടെ ലഭിച്ച പണമാണിതെന്നുമാണ് പിടിയിലായവരുടെ മൊഴി.

NO COMMENTS

LEAVE A REPLY