അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സന്ധിയില്ലാത്ത നടപടി സ്വീകരിക്കും- മന്ത്രി എ.സി മൊയ്തീന്‍

106

കോഴിക്കോട് : അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ധിയില്ലാത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സാധാരണക്കാരെ ബാധിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനല്ല അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കെട്ടിട നിര്‍മ്മാണ ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു ദിവസം കൊണ്ട് തീര്‍പ്പ് കല്പിക്കേണ്ട അപേക്ഷകളില്‍ കാലതാമസം വരുത്തുന്ന പ്രവണത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യാന്ത്രികമായിട്ടല്ലാതെ പ്രായോഗികമായി നിയമപരമായ സമീപനം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ഉണ്ടാവണം.

പ്രശ്നങ്ങളെ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അവയോട് സഹകരിച്ച് ക്രിയാത്മകമായി പ്രതികരിക്കാനും സംശയങ്ങള്‍ പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറാകണം അപേക്ഷകരായ സി. കെ മൊയ്തീന്‍ കോയ, പുഷ്പ.എം തുടങ്ങിയവര്‍ക്കുള്ള ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റ് വേദിയില്‍വെച്ച് മന്ത്രി വിതരണം ചെയ്തു. ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓഗസ്റ്റ് 31 നകം അദാലത്തുകള്‍ നടത്തി മുഴുവന്‍ പരാതികള്‍ക്കും പരിഹാരം കാണാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോഴിക്കോട് ഉള്‍പ്പടെ മുഴുവന്‍ കോര്‍പറേഷനുകളിലും അദാലത്തുകള്‍ നടത്തി . മുന്‍കൂട്ടി ലഭിച്ച അപേക്ഷകളിലാണ് അദാലത്തില്‍ പരിഹാരം കണ്ടത്. പുതിയ പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ചടങ്ങില്‍ എംഎല്‍എമാരായ എ പ്രദീപ് കുമാര്‍, വി.കെ.സി മമ്മദ് കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, സബ് കളക്ടര്‍ വി. വിഘ്നേശ്വരി, കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗങ്ങളായ പി സി രാജന്‍, അനിതാ രാജന്‍, കെ വി ബാബുരാജ്, ടി വി ലളിത പ്രഭ, ആശ ശശാങ്കന്‍, എം രാധാകൃഷ്ണന്‍ മാസ്റ്റര്‍, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് അഡ്വക്കേറ്റ് സുരേഷ് ബാബു, നഗരാസൂത്രണ സ്ഥിരംസമിതി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

NO COMMENTS