കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ വന്‍ മാറ്റമുണ്ടാക്കി – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

121

കോഴിക്കോട് : കുന്ദമംഗലം കാര്‍ഷിക വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാറും കര്‍ഷകരെ ആദരിക്കലും സംഘടിപ്പിച്ചു. സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൂന്നര വര്‍ഷം കൊണ്ട് കാര്‍ഷിക മേഖലയില്‍ വന്‍ മാറ്റമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ച തായി മന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സഹകരണ മേഖല നല്‍കുന്ന വായ്പ 40% ആയി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെയാണ് സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ സഹകരണ സംഘത്തിന്റെ ഇടപെടലുകള്‍ നടത്തുന്നത്.

ആദ്യഘട്ടത്തില്‍ 20 ശതമാനവും രണ്ടാം ഘട്ടത്തില്‍ 40% വര്‍ധിപ്പിക്കും. വായ്പ തോത് വര്‍ധിപ്പിക്കുന്നതിലൂടെ കര്‍ഷകരെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഉടമകളാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കൃഷിയോട് ആഭിമുഖ്യം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാത്രമേ പ്രകൃതി സൗഹൃദ മാലിന്യപരിപാലനം സാധ്യമാകൂ. ഹരിതകേരളം പദ്ധതിയിലൂടെ നഷ്ടപ്പെട്ടുപോയ കാര്‍ഷികസംസ്‌കാരത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷത്തോടു കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്.

സര്‍ക്കാരിനൊപ്പം ജനങ്ങളും ഇതിനായി മുന്നോട്ട് വരണമെന്ന് മന്ത്രി പറഞ്ഞു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പിടിഎ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ജലമ്യൂസിയം ഡയറക്ടര്‍ ഡോ. കെ. ആര്‍ പ്രസന്ന കുമാറിന്റെ നേതൃത്വത്തില്‍ കാര്‍ഷിക ജലവിനിയോഗവും ജൈവകൃഷിയും എന്ന വിഷയത്തില്‍ കര്‍ഷര്‍ക്ക് ക്ലാസെടുത്തു. സഹകരണ സംഘം രജിസ്ട്രാര്‍ വി.കെ രാധാകൃഷ്ണന്‍ കര്‍ഷകരെ ആദരിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന്‍, കുന്ദമംഗലം കാര്‍ഷിക വെല്‍ഫെയര്‍ കോഓപ്പ് സൊസൈറ്റി പ്രസിഡന്റ് ഗോവിന്ദന്‍ നായര്‍, വൈസ് പ്രസിഡന്റ് ശ്രീനിവാസന്‍, മെമ്പര്‍ വി പ്രഭാകരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

NO COMMENTS