കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ഹൈടെക് സംവിധാനത്തിലേക്ക്

170

തീരുവനന്തപുരം : ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററി സ്‌കൂൾ ഹൈടെക് നിലവാരത്തിലേക്ക്. 17.925 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങ ളോടെ നിർമ്മിച്ച ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോകോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച ഹൈടെക് ബഹുനിലമന്ദിരം കൂടി പ്രവർത്തനക്ഷമമായതോടെ കോട്ടൺഹിൽ സ്‌കൂളിലെ പഠനപ്രവർത്തനം കൂടുതൽ മെച്ചപ്പെട്ട രീതിയിലാകാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വിദ്യാല യങ്ങൾ തുറന്നു പ്രവർത്തിക്കാൻ ഇനിയും സമയമെടുക്കും.വിദ്യാർത്ഥികളെ പഠനാന്തരീക്ഷത്തിലേക്ക് തിരികെയത്തി ക്കാനാരംഭിച്ച ഓൺലൈൻ ക്ലാസുകൾക്ക് വലിയ അംഗീകരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടി.വിയോ മൊബൈൽഫോൺ സൗകര്യമോ ഇല്ലാത്ത കുട്ടികൾക്ക് അവ ലഭ്യമാക്കുന്നതിന് പ്രാദേശിക സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ലഭ്യമാക്കിയ 1,20000 ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. ആർക്കും ക്ലാസുകൾ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ പൊതുവിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യം ഏറെ മാറിയതായി അദ്ദേഹം പറഞ്ഞു. സ്‌കൂളിന് ലഭിച്ച പുരസ്‌കാരങ്ങളും വിദ്യാർത്ഥിനികൾ വരച്ച ചിത്രങ്ങളുമടങ്ങിയ കെട്ടിടത്തിനകത്തു തന്നെയുള്ള നളന്ദ ആർട്ട് ഗ്യാലറി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അധികൃതർ, പിടിഎ, പൂർവ്വവിദ്യാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമ ഫലമായാണ് ഈ സർക്കാർ വിദ്യാലയം ലോക പ്രശസ്തിയിലേക്ക് ഉയർന്നതെന്ന് മന്ത്രി പറഞ്ഞു. കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം വി.എസ്.ശിവകുമാർ എം.എൽ.എ. നിർവഹിച്ചു.ആധുനികരീതിയിൽ മൂന്ന് നിലകളിലായി പണിത കെട്ടിടത്തിന് 77263 ചതുരശ്ര അടി വിസ്തീർണ്ണമാണുള്ളത്. ഒന്നാം നിലയിൽ പ്രിൻസിപ്പൽ റൂം, ഫ്രണ്ട് ഓഫീസ്, വിശാലമായ ലോബി, ആർട്ട് ഗ്യാലറി, ഓഫീസ് റൂം കം അഡ്മിനിസ്ട്രേഷൻ, ടീച്ചേഴ്സ് റൂം, അഞ്ച് കമ്പ്യൂട്ടർ ലാബുകൾ, സ്റ്റോർ റൂം, അഞ്ച് ക്ലാസ് മുറികൾ, ബാഡ്മിന്റൺ കോർട്ട് ആയി ഉപയോഗിക്കത്തക്ക വിധത്തിലുള്ള മൂന്ന് കോർട്ട് യാർഡുകൾ എന്നിവയാണുള്ളത്. രണ്ടാം നിലയിൽ വിശാലമായ ലോബി, രണ്ട് ടീച്ചേഴ്സ് റൂമുകൾ, സ്പോർട്ട്സ് റൂം, ബയോളജി ലാബ്, 20 ക്ലാസ്മുറികൾ, സ്റ്റോർ റൂം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. മൂന്നാം നിലയിൽ ടീച്ചേഴ്സ് റൂം, സ്റ്റോർ റൂം, 16 ക്ലാസ് മുറികൾ, 150 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ, പാൻട്രി, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുമുണ്ട്.

വിദ്യാർത്ഥികൾക്കായി 20 വീതം ശൗചാലയങ്ങളും ഭിന്നശേഷിക്കാർക്കായി പ്രത്യേക ശൗചാലയവും ഓരോ നിലയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമായി പ്രത്യേകം ശൗചാലയങ്ങളും നിർമ്മിച്ചിട്ടുണ്ട്. ക്ലാസ്് റൂമുകളിലും ലാബുകളിലും അലമാര ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഒരു ലക്ഷം ലിറ്റർ ഉൾക്കൊള്ളുന്ന വാട്ടർ ടാങ്ക്, സെപ്റ്റിക് ടാങ്ക് മുതലായവയും ക്രമീകരിച്ചിട്ടുണ്ട്. കെട്ടിടത്തിനു ചുറ്റും തറയോട് പാകി മനോഹരമാക്കി.

കെട്ടിടത്തിന്റെ രൂപകല്പന പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗവും സ്ട്രക്ചറൽ സിഡൈൻ ഡി.ആർ.ഐ.ക്യു ബോർഡുമാണ് നിർവഹിച്ചിരിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ പൊതുമരാമത്ത് വകുപ്പിലെ പ്രത്യേക കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർവഹിച്ചത്.മേയർ കെ.ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, സ്‌കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ആർ. പ്രദീപ്, പ്രിൻസിപ്പൽ പ്രീത കെ.എൽ., പ്രിൻസിപ്പൽ എച്ച്. എം. രാജശ്രീ ജെ., അഡീഷണൽ എച്ച്.എം. മിനി എ., ചീഫ് ആർക്കിടെക്ട് രാജീവ് പി.എസ്., കെട്ടിട വിഭാഗം ചീഫ് എൻജിനിയർ ഹൈജീൻ ആൽബർട്ട്, അധ്യാപകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

NO COMMENTS