ഗാസ സ്ട്രീറ്റ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

235

കാസര്‍ഗോഡ് : കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റിയിലെ തുരുത്തി വാര്‍ഡിലെ ഗാസ സ്ട്രീറ്റിനെ കുറിച്ച് ഇന്റലിജന്‍സ് ബ്യൂറോയും ദേശീയ അന്വേഷണ ഏജന്‍സിയും അന്വേഷണം ആരംഭിച്ചു. പലസ്തീന്‍ തര്‍ക്കത്തിലെ വിവാദ വിഷയമാണ് ഇസ്രായേല്‍, ഈജിപ്ത് അതിര്‍ത്തിയിലെ ഗാസ. സമീപപ്രദേശമായ പടന്നയില്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി അഫ്ഗാനിസ്താനില്‍ എത്തിയ സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ഏറെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്. അതിനാല്‍ ഗാസ വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധശക്തികളുടെ ഇടപെടലുണ്ടോയെന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുക. 21 പേരാണ് പടന്നയില്‍ നിന്ന് ദുരുഹമായി കാണാതായിരിക്കുന്നത്. തുരുത്തി ജുമാ മസ്ജിദിലേക്കുള്ള റോഡ് ആരംഭിക്കുന്നിടത്താണ് ഗാസ സ്ട്രീറ്റ് എന്ന ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറാണ് കഴിഞ്ഞമാസം പുതിയ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റി അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തതെങ്കിലും ഗാസ എന്ന പേരിലെ ബോര്‍ഡ് സ്ഥാപിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കാസര്‍ഗോഡ് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം അറിയിച്ചു.

NO COMMENTS