ബാര്‍സ – റയല്‍ പോരാട്ടം സമനിലയില്‍

215

ബാര്‍സിലോന • ലോക ഫുട്ബോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി. 53-ാം മിനിറ്റില്‍ ലൂയി സ്വാരസ് ബാര്‍സയ്ക്കു വേണ്ടി ആദ്യം ഗോള്‍ നേടിയപ്പോള്‍ 90-ാം മിനിറ്റില്‍ സെര്‍ജിയോ റാമൊസ് വകയായിരുന്നു റയലിന്റെ സമനില ഗോള്‍. ആവേശകരമായിരുന്നെങ്കിലും ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നടത്തിയ മുന്നേറ്റങ്ങള്‍ മല്‍സരത്തിന്റെ ആവേശം വര്‍ധിപ്പിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ബാര്‍സയുടെ തകര്‍പ്പന്‍ പ്രകടനമാണ് കണ്ടത്. മെസ്സി-സ്വാരസ്-നെയ്മര്‍ സഖ്യം തുടര്‍ച്ചയായി റയലിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി.

53-ാം മിനിറ്റില്‍ ബാര്‍സയുടെ സൂപ്പര്‍ താരം നെയ്മര്‍ എടുത്ത ഫ്രീകിക്ക് ഹെഡ് ചെയ്താണ് സ്വാരസ് ഗോള്‍ നേടിയത്. തുടര്‍ന്ന് ഗോള്‍ മടക്കാനായിരുന്നു റയലിന്റെ ശ്രമം. എന്നാല്‍, പരുക്കിന്റെ പിടിയില്‍ നിന്നു മടങ്ങിയെത്തിയ ഇനിയേസ്റ്റ കൂടി ബാര്‍സയ്ക്കായി കളത്തില്‍ എത്തിയപ്പോള്‍ ആക്രമണത്തിന് ശക്തി കൂടി. നെയ്മറിന്റെ പല ശ്രമങ്ങളും നേരിയ വ്യത്യാസത്തിനാണ് ഗോള്‍ വലയ്ക്ക് പുറത്തേക്ക് പോയത്. ഒടുവില്‍ ബാര്‍സ ജയം ഉറപ്പിച്ച അവസാന നിമിഷത്തില്‍, മറ്റൊരു ഫ്രീകിക്കില്‍ നിന്നും റാമൊസ് റയലിന്റെ സമനില ഗോള്‍ നേടി. അതും ‘തലകൊണ്ടു’ തന്നെ. മല്‍സരത്തിന്റെ അധികസമയത്ത് റയല്‍ ഗോള്‍ പോസ്റ്റിനുള്ളില്‍ നടന്ന കൂട്ടപ്പൊരിച്ചിലില്‍ ഗോളെന്നു കരുതിയ നീക്കം റയലിന്റെ പ്രതിരോധനിര തട്ടിയകറ്റി. മല്‍സരത്തിന് അവസാന വിസില്‍ മുഴങ്ങുമ്ബോള്‍ ഇരുടീമുകളും ഒാരോ ഗോള്‍ വീതം നേടി ആവേശ പോരാട്ടം സമനിലയില്‍.

NO COMMENTS

LEAVE A REPLY