ഏപ്രിൽ 20നകം റേഷൻ വാങ്ങാനാകാത്തവർക്കായി 30 വരെ വിതരണം ചെയ്യും: ഭക്ഷ്യമന്ത്രി പി. തിലോത്തമൻ

359

തിരുവനന്തപുരം : ആദ്യ ഘട്ടത്തിൽ ഏപ്രിൽ 20 ഓടെ റേഷൻ വിതരണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കു ന്നതെങ്കിലും ഏതെങ്കിലും കാരണത്താൽ അതിനകം വാങ്ങാനാവാത്തവർക്കായി 30 വരെ റേഷൻ നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. റേഷൻ കടകളിൽ തിക്കും തിരക്കും ഒഴിവാക്കാൻ കാർഡ് നമ്പറിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാവർക്കും അർഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കുമെന്നും റേഷൻ കടകളിൽ തിക്കിത്തിരക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം അറിയിച്ചു.

റേഷൻ വിതരണത്തിന്റെ ആദ്യ ദിവസം ഉച്ചവരെ ഏഴര ലക്ഷം പേർ റേഷൻകടകളിൽ നിന്ന് ധാന്യം വാങ്ങി. എ. എ. വൈ കാർഡ് ഒന്നിന് 30 കിലോഗ്രാ അരിയും അഞ്ച് കിലോഗ്രാം ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. മുൻഗണനാവിഭാഗത്തിൽ ഒരു അംഗത്തിന് നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി നൽകുന്നുണ്ട്. മുൻഗണനേതര വിഭാഗത്തിലെ സബ്‌സിഡി വിഭാഗത്തിന് ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം സൗജന്യമായി നൽകും.

സബ്‌സിഡിയില്ലാത്ത വിഭാഗത്തിൽ ഏഴിൽ കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന് ഒരാൾക്ക് രണ്ടു കിലോഗ്രാം ധാന്യമെന്ന കണക്കിൽ ലഭിക്കും. കേന്ദ്രം പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം 20 ന് ശേഷം ആരംഭിക്കും. വൈദ്യുതീകരിച്ച വീടുകൾക്ക് അര ലിറ്റർ മണ്ണെണ്ണയും വൈദ്യുതീകരിക്കാത്ത വീടുകൾക്ക് നാല് ലിറ്റർ മണ്ണെണ്ണയും നൽകും. വെള്ള, നീല കാർഡുകളുള്ളവർക്ക് മൂന്നു കിലോഗ്രാം ആട്ടയും നൽകുമെന്ന് മന്ത്രി അറിയിച്ചു.