ഓണച്ചന്തകള്‍ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി

18

സംസ്ഥാനത്ത് ആഗസ്റ്റ് മാസം പത്താം തീയതി മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കുമെന്നും എല്ലാ ജില്ലാ കേന്ദ്ര ങ്ങളിലും ഓണച്ചന്തയുണ്ടാകുമെന്നും ഭക്ഷ്യവകുപ്പ് മന്ത്രി അറിയിച്ചു. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ ഓണം സ്പെഷ്യല്‍ ഓണക്കിറ്റും ഇത്തവണയുണ്ടാകും.

പ്രത്യേക ഓണക്കിറ്റ് ജൂലൈ 31 ന് വിതരണം ആരംഭിക്കും. ജില്ലാ കേന്ദ്രങ്ങളിലെല്ലാം ഓണച്ചന്തകള്‍ പത്തിന് തുടങ്ങുമ്പോള്‍ 16 മുതല്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ അഞ്ച് ജിവസം ഓണച്ചന്ത നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനങ്ങളുമായാണ് ഇത്തവണ ഓണക്കിറ്റ് എത്തുന്നത്.

എല്ലാ വിഭാഗം കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍വഴി കിറ്റ് ലഭ്യമാക്കും. എഎവൈ (മഞ്ഞ) വിഭാഗത്തിന് ജൂലൈ 31, ആഗസ്റ്റ് 2, 3 തീയതിയിലും പിഎച്ച്‌എച്ച്‌ (പിങ്ക്) വിഭാഗത്തിന് ആഗസ്ത് 4 മുതല്‍ 7 വരെ എന്‍പിഎസ് (നീല) വിഭാഗത്തിന് ആഗസ്റ്റ് 9 മുതല്‍ 12 വരെയും എന്‍പിഎന്‍എസ് (വെള്ള) വിഭാഗത്തിന് ആഗസ്റ്റ് 13 മുതല്‍ 16 വരെയുമാണ് കിറ്റ് വിതരണം നടക്കുക.

മഹാമാരിക്കിടയിലും ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് മലയാളികള്‍. കഴിഞ്ഞ വര്‍ഷവും കോവിഡ് രോഗവ്യാപന സാഹചര്യത്തിലായിരുന്നു സംസ്ഥാനത്ത് ഓണാഘോഷങ്ങള്‍ നടന്നത്.