ഭക്ഷ്യ കമ്മീഷന്റെ ബോധവത്കരണ, പൊതുജനസമ്പര്‍ക്ക പരിപാടി റേഷന്‍ കടകള്‍ കേരള ജനതയുടെ അത്താണിയായി: മന്ത്രി പി. തിലോത്തമന്‍

63

കാസറഗോഡ് : കേരളത്തിലുള്ള 14239 റേഷന്‍ കടകളും ഇന്ന് മുഴുവന്‍ ജനങ്ങളുടെയും അത്താണിയായി മാറിയതായി ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കാസര്‍കോട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ബോധവത്കരണ, പൊതുജന സമ്പര്‍ക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ്-19 കാലത്ത്, നിശ്ചയിച്ച ഭക്ഷ്യവസ്തുക്കള്‍ കൃത്യതയോടെ ജനങ്ങളിലെത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളായി റേഷന്‍ കടകള്‍ മാറി. പകുതിയോളം ഉപഭോക്താക്കള്‍ മാത്രം റേഷന്‍ വാങ്ങിയിരുന്നിടത്ത് ഇന്നത് 97 ശതമാനത്തിലേക്കെത്തിക്കാനായി. പൊതുവിതരണ രംഗം സുതാര്യമാക്കി അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ഏറ്റവും ഗുണമേന്‍മയുള്ള ധാന്യമെത്തിക്കാന്‍ സാധിച്ചു.

2016 നവംബറില്‍ വളരെയേറെ പ്രയാസപ്പെട്ടാണ് ദേശീയ ഭക്ഷ്യഭദ്രതാനിയമം-2013 സംസ്ഥാനത്ത് നടപ്പിലാക്കിയത്. കേരളത്തില്‍ മുന്‍ഗണനാപട്ടികയില്‍ വരേണ്ടവരുടെ എണ്ണത്തില്‍ കേന്ദ്രം വലിയ കുറവ് വരുത്തിയത് തിരിച്ചടിയായി. ഭക്ഷ്യഭദ്രതാനിയമത്തിന്റെ എല്ലാ വശങ്ങളും വിജയകരമായി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. വാതില്‍പ്പടി വിതരണം, കമ്പ്യൂട്ടര്‍വത്കരണം, റേഷന്‍ കടകളുടെ നവീകരണം എന്നിവയിലെല്ലാം നൂറുശതമാനം നേട്ടം കൈവരിക്കാനായെന്നും മന്ത്രി പറഞ്ഞു.

റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. കോവിഡ് കാലത്ത് ഒരാള്‍ പോലും പട്ടിണി കിടക്കാന്‍ പാടില്ലെന്ന നിര്‍ബന്ധത്തോടെയാണ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും ഭക്ഷ്യക്കിറ്റ് തയാറാക്കി നല്‍കിയതെന്ന് മന്ത്രി പ്രഞ്ഞു.

എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന് എന്നിവര്‍ ആശംസ നേര്‍ന്നു. സംസ്ഥാന ഭക്ഷ്യ കമീഷന്‍ ചെയര്‍മാന്‍ കെ.വി. മോഹന്‍കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതില്‍ നിര്‍ണായക ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷ്യ കമീഷന്‍ അംഗം വി. രാജേന്ദ്രന്‍ ബോധവത്കരണ ക്ലാസെടുത്തു. ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമാര്‍ക്കുമായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്.

ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിതറാണി രഞ്ജിത്ത്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി പുഷ്പ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. കമീഷന്‍ അംഗങ്ങളായ വി. രമേശന്‍, എം. വിജയലക്ഷ്മി, കെ. ദിലീപ്കുമാര്‍, പി. വസന്തം എന്നിവര്‍ സംബന്ധിച്ചു. ജില്ലാ പരാതി പരിഹാര ഓഫീസറായ എ.ഡി.എം എന്‍. ദേവീദാസ് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ. ശശിധരന്‍ നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പൊതുജന സമ്പര്‍ക്ക പരിപാടിയും നടന്നു.

റേഷന്‍ തൂക്കം, ഗുണനിലവാരം: ജില്ലാ പരാതി പരിഹാര ഓഫീസറെ സമീപിക്കാം

റേഷന്‍ വിഹിതം ലഭ്യമാക്കുന്നതില്‍ തൂക്കം, ഗുണനിലവാരം എന്നിവയിലുള്ള പരാതികള്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം പ്രകാരം സംസ്ഥാന ഭക്ഷ്യ കമീഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പരാതി പരിഹാര ഓഫീസര്‍ക്ക് നല്‍കാം. എ.ഡി.എം ആണ് ജില്ലാ പരാതി പരിഹാര ഓഫീസര്‍. ജില്ലാ പരാതി പരിഹാര ഓഫീസറുടെ ഉത്തരവിന്‍മേല്‍ ആക്ഷേപമുള്ള പക്ഷം, പരാതിക്കാരന് സംസ്ഥാന ഭക്ഷ്യ കമീഷന്‍ മുമ്പാകെ അപ്പീല്‍ നല്‍കാം. മെംബര്‍ സെക്രട്ടറി, സംസ്ഥാന ഭക്ഷ്യ കമീഷന്‍, ലീഗല്‍ മെട്രോളജി ഭവന്‍, വൃന്ദവന്‍ ഗാര്‍ഡന്‍സ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം, 695004 എന്ന വിലാസത്തില്‍ അപ്പീല്‍ ഹരജികള്‍ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0471 2965398. sfcommissionkerala@gmail.com എന്ന ഇമെയില്‍ വിലാസത്തിലും പരാതി നല്‍കാം.

NO COMMENTS