കടാശ്വാസതുക നൽകുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തണം: മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ

124

തൃശൂർ : കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ഇതിനകം പുറത്തിറക്കിയ വിവിധ ഉത്തരവുകളനുസരിച്ച് അനുവദിക്കേണ്ട തുക ഉടൻ ബാങ്കുകൾക്ക് ലഭ്യമാകുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്താൻ സഹകരണസംഘം ജോയിന്റ് രജിസ്ട്രാർക്ക് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ നിർദ്ദേശം നൽകി. നാട്ടിക ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി എസ് ഗോപിനാഥിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സിറ്റിങ്ങിലാണ് കമ്മീഷന്റെ നിർദ്ദേശം.

മത്സ്യഫെഡ് ജില്ലാ ഓഫീസ്, കയ്പമംഗലം സർവീസ് സഹകരണ ബാങ്ക്, അഴീക്കോട് മത്സ്യത്തൊഴിലാളി വികസന സഹകരണ സംഘം, നാട്ടിക ഫർക റൂറൽ സർവീസ്, പൂവ്വത്തുംകടവ് ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും 7 മത്സ്യത്തൊഴിലാളികൾ എടുത്ത വായ്പയ്ക്ക് കടാശ്വാസമായി 706315 രൂപ അനുവദിക്കാൻ കമ്മീഷൻ സർക്കാരിനോട് ശുപാർശ ചെയ്തു.

പടിഞ്ഞാറെ വെമ്പല്ലൂർ-പെരിഞ്ഞനം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിന്നും 2 മത്സ്യത്തൊഴിലാളികൾ എടുത്തെ ഗ്രൂപ്പ് വായ്പക്ക് അനുവദിച്ച കടാശ്വാസം ലഭിക്കാത്തത് സംബന്ധിച്ച റിപ്പോർട്ടും വായ്പ സ്റ്റേറ്റ്‌മെന്റും ഹാജരാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.

തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെ പെരിഞ്ഞനം ശാഖയ്ക്ക് അനുവദിച്ച 75000 രൂപ കടാശ്വാസ തുക കയ്പമംഗലം ശാഖയ്ക്ക് നൽകിയത് തിരിച്ച് പിടിക്കാൻ സഹകരണ ജോയിന്റ് രജിസ്ട്രാർക്കും തുക വായ്പ കണക്കിൽ വരവ് വച്ച കടകണക്ക് അവസാനിപ്പിക്കാൻ ബാങ്കിനും കമ്മീഷൻ നിർദ്ദേശം നൽകി.

യൂക്കോ ബാങ്കിന്റെ മുമ്പം ശാഖയിൽ നിന്നും 4 ലക്ഷം രൂപയുടെ വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസമായി പരമാവധി തുക അനുവദിച്ചാൽ പോലും മുതലിനത്തിൽ തിരിച്ചടവ് ഉണ്ടാകുമെന്നതിനാൽ വായ്പയിൽ ബാങ്കിന് വിട്ട്‌വീഴ്ച ചെയ്യാവുന്ന തുക എത്രയെന്നത് റീജിയണൽ ഓഫീസുമായി ചർച്ച ചെയ്ത് അടുത്ത സിറ്റിംഗിൽ അറിയിക്കാമെന്ന ബാങ്ക് പ്രതിനിധിയുടെ നിർദ്ദേശം സ്വീകരിച്ച് മാറ്റി വെച്ചു.

1 ലക്ഷം രൂപയുടെ വായ്പ പലിശ കൂടി ചേർത്ത് മോറട്ടോറിയം നിലനിൽക്കെ 1.5 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് പുതുക്കി നല്കിയതിൽ വിട്ട്‌വീഴ്ച ചെയ്യാവുന്ന തുക എത്രയെന്നത് അടുത്ത സിറ്റിംഗിൽ അറിയിക്കാമെന്ന ബാങ്ക് പ്രതിനിധിയുടെ നിർദ്ദേശം സ്വീകരിച്ച് മാറ്റി വെച്ചു.

കയ്പമംഗലം സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 25,000 രൂപയെടുത്ത മത്സ്യത്തൊഴിലാളിക്ക് അനവദിച്ച കടാശ്വാസ തുകയായി പലിശ വിഹിതം ചേർത്ത് 26,609 രൂപ ലഭിച്ചതിനെ തുടർന്ന് വായ്പ ക്‌ളോസ് ചെയ്തതായി ബാങ്ക് പ്രതിനിധി അറിയിച്ചു. അഴീക്കോട് മത്സ്യത്തൊഴിലാളി ക്ഷേമ വികസന സഹകരണ സംഘത്തിൽ നിന്നും എടുത്ത വായ്പ കാലഹരണപ്പെട്ടതായി കണ്ട് ഉത്തരവ് പുറപ്പെടുവിക്കാതിരിക്കാൻ രേഖകൾ ഹാജരാക്കുവാൻ സംഘത്തിന് നിർദ്ദേശം നല്കി. മൊത്തം 56 കേസുകളാണ് സിറ്റിങ്ങിൽ പരിഗണിച്ചത്.

സിറ്റിങ്ങിൽ ഹാജരാകാൻ സാധിക്കാതിരുന്ന മത്സ്യത്തൊഴിലാളികളുടെ അപേക്ഷ അടുത്ത സിറ്റിംഗിൽ പരിഗണിക്കും. അടുത്ത സിറ്റിംഗ് തീയതി നോട്ടീസിന് പുറമെ പത്ര മാദ്ധ്യമങ്ങൾ വഴി അറിയിക്കും.

കമ്മീഷൻ അംഗങ്ങളായ കൂട്ടായി ബഷീർ, കെ എ ലത്തീഫ് എന്നിവരും തൃശ്ശൂർ ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ/ജോയിന്റ് ഡയറക്ടർ ഓഫീസുകളിൽ നിന്നും അസിസ്റ്റന്റ് രജിസ്ട്രാർ എം ആർ പ്രഷീദ് കുമാർ, ജൂനിയർ ആഡിറ്റർ സി ബി അനിൽകുമാർ എന്നീ ഉദ്യോഗസ്ഥരും വിവിധ സഹകരണ ബാങ്കുകളുടെയും ദേശസാൽകൃത ബാങ്കുകളുടെയും പ്രതിനിധികളും സിറ്റിങ്ങിനെത്തി.

NO COMMENTS