ഫിഷറീസ് കോൾ സെൻറർ ഉദ്ഘാടനം ഏഴിന്

12

തിരുവനന്തപുരത്തെ ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജീകരിച്ച ഫിഷറീസ് കോൾ സെൻററിന്റെ ഉദ്ഘാടനം ജൂലൈ ഏഴിന് രാവിലെ 11 ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.വകുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, പൊതുജനങ്ങൾ എന്നിവരുടെ സംശയങ്ങളും പരാതികളും യഥാസമയം സ്വീകരിക്കുകയും സമയബന്ധിതമായി മറുപടി, പരിഹാര നിർദ്ദേശങ്ങളും നൽകാനാണ് കോൾ സെൻറർ സ്ഥാപിക്കുന്നത്.

ഇതിന്റെ പ്രവർത്തനത്തിനായി രണ്ടു കോൾ സെൻറർ ഏജൻറുമാരുടെ സേവനം ലഭ്യമാക്കും. 24 മണിക്കൂറും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകും.പരാതികൾക്ക് ഉടനടി മറുപടി നൽകാനാവുംവിധം ഒരു വിവരശേഖരം കോൾ സെൻററിൽ സൂക്ഷിക്കും. കൂടുതൽ സാങ്കേതികപരവും ഭരണപരവുമായ മറുപടികൾ നൽകേണ്ട സന്ദർഭത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെക്കൂടി തത്സമയം ഫോൺ കോൺഫറൻസിൽ ഉൾപ്പെടുത്തി പരിഹാരമറുപടി നൽകാനും സൗകര്യമുണ്ട്.

ഫിഷറീസ് ഡയറക്ടറേറ്റിൽ സജ്ജമാകുന്ന മാസ്റ്റർ കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിക്കുന്നതുവരെ കടൽ സുരക്ഷാ സംബന്ധമായി അറിയിപ്പുകളും പരാതികളും കോൾ സെൻററിൽ സ്വീകരിക്കും. കോൾ സെൻററിലെ ഫോൺ നമ്പർ: 04712525200, ടോൾ ഫ്രീ നമ്പർ: 18004253183.

NO COMMENTS