മത്സ്യബന്ധനവും വിപണനവും: രണ്ടു ഘട്ടമായി ഇളവുകൾ നൽകും

69

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗൺ മാനദണ്ഡങ്ങളിൽ ഇളവ് അനുവദിക്കുന്ന സാഹചര്യത്തിലും മത്സ്യം അവശ്യ ആഹാരമാണെന്നത് പരിഗണിച്ചും മേയ് ഒന്ന്, നാല് തിയതികൾ മുതൽ രണ്ട് ഘട്ടമായി കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മത്സ്യബന്ധനത്തിനും വിപണനത്തിനും ഇളവുകൾ അനുവദിച്ച് ഉത്തരവായി.

മുഴുവൻ മത്സ്യബന്ധന യാനങ്ങളും പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിശദവിവരം നൽകുകയും വേണം.

മേയ് ഒന്നിന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ തട്ടുമടി ഉൾപ്പെടെയുള്ള ബോട്ട് സീൻ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് 32 അടി വരെ നീളമുള്ളതും 25 എച്ച്.പി വരെ എൻജിൻ ഘടിപ്പിച്ചതും ഓരോ വള്ളത്തിലും പരമാവധി 5 മത്സ്യത്തൊഴിലാളികൾ മാത്രം ഉള്ളതുമായ രണ്ട് വള്ളങ്ങൾ വരെ ഉപയോഗിക്കാം. ഇലക്ട്രിക്കൽ ലൈറ്റ് ഉപയോഗിക്കരുത്. കരമടി ഉൾപ്പെടെയുള്ള ഷോർ സീൻ നെറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് കമ്പയുടെ ഓരോ അഗ്രത്തിലും 12 പേരിൽ കൂടുതൽ പേർ പാടില്ല. വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണം. കേരള രജിസ്‌ട്രേഷനുള്ള 32 അടിക്ക് മുകളിൽ 45 അടി വരെ ഒഎഎൽ വരുന്ന യന്ത്രവൽകൃത ബോട്ടുകൾക്ക് പരമാവധി ഏഴ് മത്സ്യത്തൊഴിലാളികളുമായി ഏകദിന മത്സ്യബന്ധനം നടത്താം.

മേയ് നാലിന് ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ കേരള രജിസ്‌ട്രേഷൻ ഉള്ള യന്ത്രവൽകൃത ബോട്ടുകൾക്ക് പരമാവധി 10 മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഒന്നിടവിട്ട ദിവസങ്ങളിൽ ഏകദിന മത്സ്യബന്ധനം നടത്താം. രജിസ്‌ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനം നടത്താം. വെള്ളിയാഴ്ച അവധിയുള്ള പ്രദേശങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന ബോട്ടുകൾക്ക് ഞായറാഴ്ച മത്സ്യബന്ധനം നടത്താൻ അനുമതി നൽകും.

റിംഗ് സീനർ ഉൾപ്പെടെയുള്ള പരമ്പരാഗത യാനങ്ങൾക്കും ഇൻബോഡ് വള്ളങ്ങൾക്കും ഒന്നിടവിട്ട ദിവസങ്ങളിൽ ഏകദിന മത്സ്യബന്ധനം നടത്താം. രജിസ്‌ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന യാനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിൽ അവസാനിക്കുനന യാനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനം നടത്താം.

വെള്ളിയാഴ്ച അവധിയുള്ള പ്രദേശങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന യാനങ്ങൾക്ക് ഞായറാഴ്ച മത്സ്യബന്ധനത്തിൽ ഏർപ്പെടാം. റിംഗ് സീൻ യാനങ്ങളിൽ പരമാവധി 20 മത്സ്യത്തൊഴിലാളികൾ മാത്രമേ പാടുള്ളൂ. വ്യക്തികൾ തമ്മിൽ സാമൂഹ്യ അകലം പാലിക്കണം.

NO COMMENTS