മാഡം ആരാണെന്ന് തനിക്കറിയില്ലെന്ന് ഫെനി ബാലകൃഷ്ണന്‍

189

കൊച്ചി: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തകര്‍ക്കാനാണ് ശ്രമമെന്നും ദിലീപ് പറഞ്ഞതായി അഡ്വ. ഫെനി ബാലകൃഷ്ണന്‍. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങാന്‍ തന്നെ സമീപിച്ചിരുന്ന കാര്യം ദിലീപിനോട് വിളിച്ചു പറഞ്ഞിരുന്നു.ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴാണ് ദിലീപ് തന്നെ തകര്‍ക്കാനുള്ള ശ്രമമുണ്ടെന്ന് വെളിപ്പെടുത്തിയത്. ആലുവ പോലീസ് ക്ലബ്ബിലെത്തി മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഫെനി ബാലകൃഷ്ണന്‍
പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജും മഹേഷും പറഞ്ഞ മാഡം ആരാണെന്ന് തനിക്ക് അറിയില്ലെന്ന് ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി.പള്‍സര്‍ സുനി കീഴടങ്ങുന്നതിനെ കുറിച്ച്‌ അന്വേഷിക്കാനാണ് മനോജും മഹേഷും സമീപിച്ചത്. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്-ഫെനി പറഞ്ഞു.