ഉത്സവസീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങള്‍ എക്സ്പ്ലോസീവ് വിഭാഗം കര്‍ശനമാക്കുന്നു

250

തിരുവനന്തപുരം• ഉത്സവസീസണ്‍ ആരംഭിക്കുന്നതിനു മുന്നോടിയായി വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങള്‍ എക്സ്പ്ലോസീവ് വിഭാഗം കര്‍ശനമാക്കുന്നു. അമിട്ടും ഗുണ്ടും അടക്കം സ്ഫോടനശേഷിയുള്ളവ ഉപയോഗിക്കാന്‍ അനുമതിയില്ല. തൃശൂര്‍ പൂരം സംഘാടകരായ ദേവസ്വങ്ങള്‍ക്കും ജില്ലാ ഭരണകൂടങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കി.അഞ്ച് വര്‍ഷത്തിനിടെ 222 ഇടങ്ങളില്‍ പൊട്ടാസ്യം ക്ളോറേറ്റടക്കം ഉപയോഗിച്ചതായി കണ്ടെത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതൊഴിവാക്കുന്നതിന്റെ ഭാഗമായാണ് ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍, സൂര്യകാന്തി തുടങ്ങി വെടിക്കോപ്പുകള്‍ക്ക് അനുമതി നിഷേധിക്കുന്നത്. ശബ്ദതീവ്രത കൂട്ടാനായി തൃശൂര്‍ പൂരം അടക്കമുള്ള വെടിക്കെട്ടുകളില്‍ വ്യാപകമായി ഉപയോഗിക്കുന്നതാണ് ഇവ. ഇനി ഇവ ഉപയോഗിക്കണമെങ്കില്‍ എക്സ്പ്ലോസീവ് വിഭാഗത്തിന്‍റെ നാഗ്പൂര്‍ ഓഫിസില്‍നിന്നു പ്രത്യേക അനുമതി വേണം. വെടിക്കെട്ടിന് അപേക്ഷിക്കുമ്പോള്‍ പ്രദേശത്തിന്‍റെ ശാസ്ത്രീയമായ അപകട സാധ്യതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിനു റിപ്പോര്‍ട്ട് നല്‍കണം. ഇതു തൃപ്തികരമെങ്കില്‍ മാത്രം അനുമതി നല്‍കും. രാത്രി 10നും പുലര്‍ച്ചെ ആറിനും ഇടയില്‍ വെടിക്കെട്ടു പാടില്ല. ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്സ്പ്ലോസീവ് റൂളിലെ എല്ലാ നിബന്ധനകളും കര്‍ശനമാക്കിയുമാണു ഡപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY