പാക് അധീന കശ്മീരില്‍ നടത്തിയ സൈനിക നടപടിയില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച്‌ യൂറോപ്യന്‍ പാര്‍ലമെന്റ്

201

ലണ്ടന്‍: പാക് അധീന കശ്മീരില്‍ നടത്തിയ സൈനിക നടപടിയില്‍ ഇന്ത്യയ്ക്ക് പിന്തുണയറിയിച്ച്‌ യൂറോപ്യന്‍ പാര്‍ലമെന്റ്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നല്‍കണമെന്നും യൂറോപ്യന്‍ പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് റെയ്സാര്‍ഡ് ഷര്‍നെകി ആവശ്യപ്പെട്ടു.ഇന്ത്യന്‍ അതിര്‍ത്തിയില്‍ തീവ്രവാദത്തിനെതിരെ നടത്തുന്ന നീക്കങ്ങള്‍ ആഗോള തലത്തില്‍ അംഗീകരിക്കപ്പെടേണ്ടതും പിന്തുണയ്ക്കേണ്ടതുമാണ്. ഈ ആക്രമണങ്ങള്‍ പാകിസ്താനെതിരെയല്ലെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും നശിപ്പിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്കെതിരെയാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.പാകിസ്താന്‍ കേന്ദ്രീകരിച്ച്‌ വളരുന്ന തീവ്രവാദ സംഘങ്ങളെ നേരിട്ടില്ലെങ്കില്‍ അധികം വൈകാതെ ഇത് യൂറോപ്പിനും പടിഞ്ഞാറന്‍ മേഖലയ്ക്കുതന്നെയും ഭീഷണിയുയര്‍ത്തും. പാകിസ്താന്‍ ബന്ധമുള്ള ഭീകര സംഘങ്ങള്‍ യൂറോപ്പിലും ലോകത്തിന്റെ മറ്റു പ്രദേശങ്ങളിലും വളര്‍ച്ച പ്രാപിക്കുന്നതിന് തിരിച്ചറിയപ്പെട്ടിട്ടുള്ള കാര്യമാണ്.പാക് പ്രതിരോധ വിഭാഗവും അഫ്ഗാന്‍ താലിബാനും തമ്മിലുള്ള അടുത്ത ബന്ധവും വളരെ വ്യക്തമാണ്. പാക് അതിര്‍ത്തിയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ശൃംഖലയെ ഇല്ലായ്മചെയ്യുന്നതിന് പാകിസ്താനുമേല്‍ യൂറോപ്യന്‍ യൂണിയന്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടത് അനിവാര്യമാണെന്നും റെയ്സാര്‍ഡ് ഷര്‍നെകി പറഞ്ഞു.ഉറിയില്‍ 19 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നു. ഇതില്‍ ഏഴ് തീവ്രവാദ ക്യാമ്ബുകള്‍ ഇന്ത്യ തകര്‍ത്തു.