തെറ്റുകൾ ആവർത്തിക്കപ്പെടേണ്ടതല്ല – അവസാനിപ്പിക്കേണ്ടതാണ് .

153
Stop sign and wild plant at Mono Lake, Mono County, California, USA.

തൊട്ടടുത്തിരിക്കുന്ന കുട്ടിയുടെ പെൻസിൽ മോഷ്ടിച്ച് വീട്ടിൽ വന്ന മകനെ അമ്മ വിലക്കിയില്ല – മോഷണത്തിൻറെ ഗൗരവം പറഞ്ഞു മനസ്സിലാക്കിയില്ല. ആ മകൻ പിന്നെ ക്ലാസിലുള്ള കുട്ടികളുടെ പേനയും പുസ്തകവും കുടയും എല്ലാം കട്ടെടുക്കാൻ തുടങ്ങി. പതുക്കെ പതുക്കെ അവൻ കള്ളനായി. നാട്ടിലെ അറിയപ്പെട്ട ഒരു മോഷ്ടാവായി പെൻസിലിൽ തുടങ്ങിയ പ്രവർത്തി അവനെ പെരുംകള്ളനാക്കി മാറ്റി.. ഇത് ഒറ്റപ്പെട്ട ഒരു കഥയോ സംഭവമോ അല്ല. കളവ് പറയുന്നതും ചെയ്യുന്നതും ജീവിത ശീലമാക്കിയവർ എവിടെയെത്തിയാലും അത് ഉപേക്ഷിക്കുകയില്ല കൃത്യസമയത്ത് അമ്മയുടെ ശിക്ഷയും ശാസനയും കിട്ടിയിരുന്നുവെങ്കിൽ അവൻ അന്നേ അത് ഉപേക്ഷിക്കുമായിരുന്നു

ചെറിയ കുട്ടികളോട് പലരും കളവു പറയുന്നു. മുല കുടിച്ചില്ലെങ്കിൽ – ചോറ് കഴിച്ചില്ലെങ്കിൽ – ഉറങ്ങിയില്ലെങ്കിൽ ഇല്ലാത്ത കഥകൾ പറഞ്ഞു – പല രൂപങ്ങളെ പറഞ്ഞു പേടിപ്പിച്ചും – നമ്മൾ കുട്ടികളെ വളർത്തുന്നു

അതു തരാം – ഇത് തരാമെന്നൊക്കെ പറഞ്ഞു വാഗ്ദാനങ്ങൾ നൽകിയിട്ട് ഒടുവിൽ അങ്ങനെയാവുമ്പോൾ നുണ പറയുന്നത് ഒരു വലിയ പ്രശ്നമല്ലയെന്ന തോന്നൽ മക്കളിൽ വളരുന്നു. വാക്കുകളിൽ സൂക്ഷ്മത പാലിക്കുകയും വാഗ്ദാനങ്ങൾ നിറവേറ്റുകയും ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾ കളവു പറയാനും മോഷ്ടിക്കാനും സാധ്യത കുറവാണ്.

പലപ്പോഴും നിസ്സാരമായാണ് നാമതിനെ കാണുന്നത്. അന്യരെ വിലയിരുത്തുമ്പോഴും വ്യക്തികളെ പരാമർശിക്കുമ്പോഴും, വിവാഹാലോചന സമയത്തും വെറുതെ സംസാരിക്കുമ്പോഴുമെല്ലാം ചെറുതും വലുതുമായ കളവുകൾ പറഞ്ഞു പോകുന്നവരാണ് നാം.നമ്മുടെ പശ്ചാത്താപത്തിൽ പോലും ഇത് വരാറില്ല. ഗൗരവം വേണ്ടവിധം അറിയാതെ പോകുന്നത് തന്നെ കാരണം

കള്ള സാക്ഷ്യം വഹിക്കുന്നതും കളവിനെ പിന്തുടരുന്നതും ഗുരുതരമാണ്. ഇന്ന് നൽകിയ മൊഴി നാളെ മാറ്റി പറയുന്നവരും സമൂഹത്തിലെ മാന്യരായ വ്യക്തികളെ താറടിച്ചുകാണിക്കാൻ കോടതികളിൽ ഇല്ലാക്കഥകൾ ഉണ്ടാക്കി കേസ് കൊടുക്കുകയും ചെയ്യുന്നവർ നമ്മുടെ സമൂഹത്തിൽ ഏറിവരികയാണ്

കാപട്യത്തിന് ലക്ഷണങ്ങൾ എണ്ണിപ്പറയാൻ അറിയാത്തവർ നമുക്കിടയിൽ വിരളമാണ്. പക്ഷേ നിത്യജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പലതിലും സ്പർശങ്ങളില്ലേ എന്ന് ചിന്തിക്കാൻ മറന്നു പോവുകയും ചെയ്യുന്നു. വിശ്വസിച്ചാൽ ചതിക്കുക – സംസാരിച്ചാൽ കളവ് പറയുക – കരാർ ചെയ്താൽ വഞ്ചിക്കുക – തർക്കിച്ചാൽ ചീത്തപറയുക – ഇവയാണ് ഒരാൾ കപടനാണ് എന്നതിന്റെ തെളിവുകൾ. ഇവയിലേതെങ്കിലുമൊന്നാണുള്ളതെങ്കിൽ
അയാൾ അത്രയും കപടനാണ് .

ജനങ്ങളെ ചിരിപ്പിക്കാൻ നുണപറയുന്നവർ ഏറ്റവും വെറുപ്പുള്ളവനായി തീരുന്നു. സംസാരത്തിൻറെ സത്യസന്ധത വ്യക്തിത്വത്തിന്റെ ഗുണമാണ്. അസത്യവും അധർമ്മവും സംസാരത്തിൽനിന്ന് ഒഴിവാക്കേണ്ടതാണ്. നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ഇത്തരം അന്യായയങ്ങളുടെ ചുവട്ടിൽ ഒപ്പ് ചാർത്തുമ്പോൾ – യഥാർത്ഥ മനുഷ്യൻറെ ഹൃദയം പിടയ്ക്കുന്നു.

അറിയാതെയോ മറന്നു കൊണ്ടോ ചെയ്തു പോകുന്നത് കരുണാമയനായ നാഥൻ പൊറുത്തുതരും. അറിഞ്ഞുകൊണ്ട് ചെയ്യുന്നതിൽ നാം മനസ്സ് നൊന്തു പശ്ചാത്തപ്പിക്കണം. പിന്നീട് ഒരിക്കലും അത് ആവർത്തിക്കാതിരിക്കാനും അസഭ്യം പറയുകയോ ചെയ്യുകയോ ഇല്ലെന്ന് പ്രതിജ്ഞ എടുക്കണം. സത്യം പറയുന്നതിലും സത്യമാണെന്ന് ഉറപ്പുള്ളത് ചെയ്യുന്നതിലും ഒരു മനുഷ്യനെയും ഭയപ്പെടുകയില്ലെന്ന് മനസ്സുകൊണ്ടുറപ്പിക്കുകയും വേണം. ഇല്ലെങ്കിൽ സത്യനിഷ്ടയാകേണ്ട അവന്റെ ജീവിതത്തിൽ അത് എന്നും – കറുത്ത പുള്ളികളായി അവശേഷിക്കും

NO COMMENTS