2025 ഓടെ കുഷ്ഠരോഗ നിർമാർജനം ലക്ഷ്യം: മന്ത്രി വീണാ ജോർജ്

9

സംസ്ഥാനത്ത് 2025ഓടെ കുഷ്ഠരോഗ നിർമ്മാർജനം ലക്ഷ്യമിടുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുഷ്ഠരോഗ ലക്ഷണങ്ങളെ അവഗണിക്കാതെ സ്വയം പരിശോധനയ്ക്കും രോഗനിർണയത്തിനും ചികിത്സയ്ക്കും വിധേയനായാൽ ഈ രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കാൻ സാധിക്കും. കുഷ്ഠരോഗത്തെ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒട്ടനവധി പദ്ധതികൾ ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്നു. രോഗത്തെ ഏത് അവസ്ഥയിലും ചികിത്സിച്ചു ഭേദമാക്കാം. 6 മുതൽ 12 മാസക്കാലത്തെ ചികിത്സ കൊണ്ട് കുഷ്ഠരോഗം പൂർണമായും ഭേദമാക്കാൻ സാധിക്കും. അതിനാൽ രോഗ ലക്ഷണമുള്ളവർ എത്രയും വേഗം ചികിത്സ തേടണമെന്ന് മന്ത്രി വ്യക്തമാക്കി.

2021-22 ൽ മാത്രം 302 കുഷ്ഠ രോഗികളെയാണ് കണ്ടെത്തി ചികിത്സ നൽകിയത്. 2020-21 ൽ 311 രോഗികളെയാണ് കണ്ടെത്തിയത്. നിലവിൽ 460 രോഗികളാണ് ചികിത്സയിലുള്ളത്. രണ്ടു ഘട്ടങ്ങളിലായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ലെപ്രസി കേസ് ഡിറ്റക്ഷൻ ക്യാമ്പയിൻ, സ്പർശ് ലെപ്രസി അവയർനസ് ക്യാമ്പയിൻ, സമ്പൂർണ കുഷ്ഠരോഗ നിർമാർജന സർവേ എന്നിവയിലൂടെയാണ് രോഗികളെ കണ്ടെത്തി ചികിത്സ നൽകിയത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവരസാങ്കേതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി രോഗലക്ഷണമുളളവർ സ്വയം പരിശോധനയ്ക്ക് വിധേയമായി ഇ സഞ്ജീവനി പോർട്ടൽ വഴിയോ അടുത്തുളള ആരോഗ്യകേന്ദ്രങ്ങൾ വഴിയോ രോഗനിർണയം നടത്താൻ ഉതകുന്ന ഇറാഡിക്കേഷൻ ഓഫ് ലെപ്രസി ത്രൂ സെൽഫ് റിപ്പോർട്ടിംഗ് ആന്റ് അവയർനസും (ELSA) കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി.

കുഷ്ഠ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണയാണ് കുഷ്ഠരോഗ നിർമാർജന രംഗത്തെ പ്രധാന വെല്ലുവിളി. കൈകാലുകളിൽ വിരലുകൾ നഷ്ടപ്പെട്ട വ്രണങ്ങളോടു കൂടിയ വിരൂപമാണ് കുഷ്ഠം എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്. സ്പർശന ശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, കയ്യിലും കാലിലും ഉണ്ടാകുന്ന മരവിപ്പും വേദനയും ബലക്ഷയവും, വേദന ഉളളതും വീർത്ത് തടിച്ചതുമായ നാഡികൾ എന്നിവ കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാം.

മൈക്കോബാക്ടീരിയം ലെപ്രെ എന്ന രോഗാണു മൂലമാണ് കുഷ്ഠ രോഗം ഉണ്ടാകുന്നത്. പ്രധാനമായും വായുവിലൂടെയാണ് രോഗം പകരുന്നത്. സമ്പർക്കത്തിലൂടെയും രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ ലക്ഷക്കണക്കിന് രോഗാണുക്കൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നു. ഈ രോഗാണുക്കൾ ശ്വസിക്കുന്ന ആളുകൾക്ക് രോഗം വരാം. എന്നാൽ 85 മുതൽ 90 ശതമാനം വരെ ആളുകൾക്ക് കുഷ്ഠരോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധശേഷി ഉളളതിനാൽ രോഗം വരാൻ സാധ്യത കുറവാണ്.

NO COMMENTS