വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരെ നടന്ന ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം

10

വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ 47 റണ്‍സ് ജയം നേടാനും അഞ്ച് മത്സരങ്ങളുള്ള ടി 20 പരമ്പരയില്‍ 2-0 ലീഡ് നേടാനും ഇംഗ്ലണ്ട് ടീമിന് കഴിഞ്ഞു. ഇന്നലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വനിതകള്‍ക്ക് നിശ്‌ചിത 20 ഓവറില്‍ 151/8 റണ്‍സ് നേടാനായി.

ആദ്യ മൂന്ന് ഓവറില്‍ ഇംഗ്ലണ്ടിന് വേണ്ടി ടമ്മി ബ്യൂമോണ്ടും ഡാനി വ്യാട്ടും മികച്ച പ്രകടനമാണ് നടത്തിയത്. ഇരുവരും ചേര്‍ന്ന് മുപ്പത് റണ്‍സ് നേടി. എന്നാല്‍ പിന്നീട് ഇത് മുതലാക്കാന്‍ കഴിഞ്ഞില്ല.

സാറ ഗ്ലെന്‍ 26 റണ്‍സ് നേടിയപ്പോള്‍ ആമി എല്ലെന്‍ ജോണ്‍സ്(25), താമി ബ്യൂമോണ്ട്(21), കാത്തറിന്‍ ബ്രണ്ട്(18), ഹീത്തര്‍ നൈറ്റ്(17) എന്നിവര്‍ ചെറിയ പോരാട്ടം നടത്തി. വിന്‍ഡീസിന് വേണ്ടി സാറ ടെയിലര്‍, ഷക്കേര സെല്‍മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. അവരുടെ ഇന്നിങ്ങ്‌സ് 20 ഓവറില്‍ 104/8 എന്ന നിലയില്‍ അവസാനിച്ചു. 38 റണ്‍സ് നേടിയ ഡിയാന്‍ഡ്ര ഡോട്ടിന്‍ വിന്‍ഡീസിന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി.