തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് ഭക്ഷണവും ശമ്പളവും നല്‍കണം

67

കാസറഗോഡ് : ജില്ലയിലെ തൊഴിലുടമകള്‍ അവരുടെ കീഴില്‍ ജോലി ചെയ്യുന്ന അതിഥിതൊഴിലാളികള്‍ക്ക് നിര്‍ബന്ധമായും ഭക്ഷണവും ശബളവും ലഭ്യമാക്കണം. ഇല്ലാത്തപക്ഷം തൊഴിലുടമകള്‍ക്കെതിരെ – ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബൂ അറിയിച്ചു.

സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം

ജില്ലയിലെ അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, ഓഫീസുകള്‍ മറ്റ് സ്ഥാപനങ്ങള്‍ എന്നിവ തുറക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ച് പൂര്‍ണമായും അണു വിമുക്തമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബൂ അറിയിച്ചു.

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ പുറത്തിറങ്ങാവു

അവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാേ്രത പുറത്തിറങ്ങാവു എന്ന് സ്‌പെഷ്യല്‍ ഓഫീസറായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ അറിയിച്ചു. ഒന്നിലധികം ആളുകള്‍ ഒരു കുടുംബത്തില്‍ നിന്ന് സാധനം വാങ്ങാന്‍ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.

ഓട്ടോയില്‍ ഒരാള്‍ക്കും കാറില്‍ രണ്ട് ആളുകള്‍ക്കും മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളു .ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പോലീസ് കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഐജി വിജയ് സാഖറെ അിറയിച്ചു.

ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സഞ്ചരിക്കാം

സാമ്പത്തീക വര്‍ഷത്തിന്റെ അവസാന ദിനമായതിനാല്‍ ഇന്ന് ബാങ്ക്, ട്രഷറി ഉദ്യോഗസ്ഥര്‍ക്ക് വൈകിയും ജോലി ചെയ്യേണ്ടി വരും. അതിനാല്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ സഞ്ചരിക്കാന്‍ പോലീസ് അനുമതി ലഭിക്കും.

എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റി കിച്ചണ്‍

ഇതുവരെയായി കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിക്കാത്ത എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണ്‍ ഉടന്‍ ആരംഭിക്കും.ജില്ലയിലെ അതിഥി തൊഴിലാളികളുടെ ഭക്ഷണവും സുരക്ഷയും വൈദ്യ സഹായവും ഉറപ്പു വരുത്തും. ഇവരുടെ പാചകത്തിനാവശ്യമായ ആവശ്യമായ 10 ലിറ്റര്‍ വീതം മണ്ണെണ്ണ 38 കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു. എഫ് സി ഐയില്‍ ആവശ്യമായ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ പഞ്ചായത്തുതലത്തില്‍ ശേഖരിച്ച് കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് നല്‍കും.

കോവിഡ് ആശുപത്രികളിലും കെയര്‍ സെന്ററുകളിലും ആവശ്യമായ സൗകര്യം ഒരുക്കും

ജില്ലയിലെ കോവിഡ് ആശുപത്രികളിലും കെയര്‍ സെന്ററുകളിലും ആവശ്യമായ ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാന്‍ യോഗം നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ആവശ്യത്തിനുള്ള മരുന്നുകളും സര്‍ജിക്കല്‍ ഉപകരണങ്ങളും ലഭ്യമാണ്.

ആരും പട്ടിണി കിടക്കേണ്ടി വരില്ല

പ്രാദേശികമായി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കണം. അതിഥി തൊഴിലാളികള്‍ക്കായി 10000 ഭക്ഷ്യകിറ്റ് വിതരണം ചെയ്യാന്‍ നടപടിയായി. പട്ടികജാതി പട്ടികവര്‍ഗ കോളനികളില്‍ ഭക്ഷണത്തിന് പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഇതിന് ആവശ്യമായി നടപടി സ്വീകരിക്കാന്‍ പട്ടികജാതി ,പട്ടിക വര്‍ഗ വികസന ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചു. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണം നല്‍കുമെന്നും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് സംഘം

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് സംഘത്തെ നിയോഗിച്ചു. പുറത്തിറങ്ങിയാല്‍ സര്‍ക്കാരിന്റെ കൊറോണനിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും ഐ ജി വിജയ് സാഖറെ അറിയിച്ചു. ഉദയഗിരി വനിതാ ഹോസ്റ്റല്‍, സെഞ്ചുറി പാര്‍ക്ക്,എയര്‍ലൈന്‍സ് ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിരീക്ഷണത്തിലുള്ള വരെ മാറ്റുമ്പോള്‍ ഭക്ഷണം ഉള്‍പ്പടെ സൗകര്യങ്ങള്‍ ഉറപ്പാക്കും.

കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ ലഭ്യമാക്കാന്‍ നാല് വലിയ വാഹനങ്ങള്‍

കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ ലഭ്യമാക്കാന്‍ നാല് വലിയ വാഹനങ്ങള്‍ ഏര്‍പ്പെടുത്തി.നിരീക്ഷണത്തിലുള്ള വീടുകളിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ആഹാരം നല്‍കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി.

NO COMMENTS