ജീവനക്കാരുടെ ശമ്പള കുടിശിക :തിരുവനന്തപുരം കരമനയില്‍ പ്രവര്‍ത്തിച്ചിരുന്ന സഖി ടിവിയുടെ ഹര്‍ജി തള്ളി

201

തിരുവനന്തപുരം : ജീവനക്കാരുടെ ശമ്പളക്കുടിശിക സംബന്ധിച്ച് സഖി ടെലിവിഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം കരമനയില്‍ പ്രവര്‍ത്തിച്ചിരുന്ന സഖി ടെലിവിഷന്‍ കമ്യൂണിക്കേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം അവിടുത്തെ 50 തൊഴിലാളികള്‍ക്ക് ഒമ്പതു മാസത്തെ ശമ്പളം നല്‍കിയിരുന്നില്ല. ഇതോടൊപ്പം സ്ഥാപനം അടച്ചു പൂട്ടുകയും ചെയ്തു. ഇത് സംബന്ധിച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍ തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

പരാതിയില്‍ അന്വേഷണം നടത്തിയ ജില്ലാ ലേബര്‍ ഓഫീസര്‍ ജെ.സത്യദാസ് നിയമപ്രകാരം പല തവണ സ്ഥാപനത്തെ ചര്‍ച്ചയ്ക്ക് വിളിച്ചുവെങ്കിലും മാനേജ്‌മെന്റ് ഹാജരായില്ല. തുടര്‍ന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ തൊഴിലാളികളുടെ ശമ്പളക്കുടിശിക കണക്കാക്കുകയും അവര്‍ക്ക് 41,55,264 രൂപ സ്ഥാപനം നല്‍കാനുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്ന് സ്ഥാപനത്തിന് നോട്ടീസ് അയച്ചുവെങ്കിലും അവര്‍ അതു കൈപ്പറ്റാതിരുന്നതിനാല്‍ 1947-ലെ വ്യവസായ തര്‍ക്ക നിയമം വകുപ്പ് 33സി(1) പ്രകാരം റവന്യു റിക്കവറി നടപടികളിലേക്ക് നീങ്ങുകയായിരുന്നു.ഇതിനെതിരേ സ്ഥാപന മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മാനേജ്‌മെന്റിന്റെ വാദങ്ങള്‍ കൃത്യമായി തെളിയിക്കാന്‍ ആയില്ലായെന്ന് ചൂണ്ടിക്കാടി കോടതി തള്ളുകയായിരുന്നു. കേരളാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് 10,000 രൂപ പിഴ ഒടുക്കുവാന്‍ മാനേജ്‌മെന്റിനോട് ഉത്തരവിടുകയും ചെയ്തു.

NO COMMENTS