എമിറേറ്റ്സ് വിമാനാപകടത്തിനു കാരണം പെട്ടെന്നു സംഭവിച്ച കാറ്റിന്‍റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞത്

186

ദുബായ്∙ ലാൻഡിങ്ങിനിടെ തിരുവനന്തപുരം–ദുബായ് എമിറേറ്റ്സ് വിമാനം കത്തിയമർന്നതിനെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ട് യുഎഇ ഫെഡറൽ വ്യോമയാന അതോറിറ്റി പുറത്തുവിട്ടു. പെട്ടെന്നു സംഭവിച്ച കാറ്റിന്റെ തീവ്രതയിലും ഗതിമാറ്റത്തിലും വിമാനം ആടിയുലഞ്ഞതാണ് അപകടത്തിനു വഴിയൊരുക്കിയത്. ലാൻഡിങ്ങിന്റെ ഭാഗമായി ചക്രങ്ങൾ റൺവേയിൽ തൊട്ടെങ്കിലും അപകടസാധ്യത മുന്നിൽക്കണ്ട് പൈലറ്റ് വിമാനം പെട്ടെന്ന് ഉയർത്താൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ചക്രങ്ങൾ ഉള്ളിലേക്കു കയറിയെങ്കിലും വീണ്ടും ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു വിമാനം ശക്തമായി നിലത്തിടിക്കുകയുമായിരുന്നുവെന്നു റിപ്പോർട്ടിൽ പറയുന്നു.

എയർക്രാഫ്റ്റ് കമാൻഡറും മുതിർന്ന ജീവനക്കാരുമാണ് ഏറ്റവുമൊടുവിൽ വിമാനത്തിൽ നിന്നിറങ്ങിയത്. തീ പിടിച്ചയുടൻ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. വിമാനത്തിനകത്തു കനത്ത പുക നിറഞ്ഞപ്പോൾ എമർജൻസി എക്സിറ്റ് കാഴ്ചയിൽ മറഞ്ഞതു പരിഭ്രാന്തി പരത്തി. ഉടൻ ജീവനക്കാർ എമർജൻസി എക്സിറ്റ് തുറക്കുകയും യാത്രക്കാർക്കു രക്ഷപ്പെടാൻ വഴിയൊരുക്കുകയും ചെയ്തു. ജീവനക്കാരിൽ ഒരാൾ കനത്ത പുക ശ്വസിച്ച് അവശനിലയിലായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ നൽകി. പൊട്ടിത്തെറിയിൽ അകപ്പെട്ടാണ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ ജാസിം ഈസാ അൽ ബലൂഷി(27) മരിച്ചത്. ജാസിമിന്റെ ധീര നടപടിയാണു യാത്രക്കാരുടെ ജീവൻ രക്ഷിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

അപകടസമയം കനത്ത പൊടിക്കാറ്റും വീശിയിരുന്നു. ഇതുകാരണം നാലു കിലോമീറ്റർ മാത്രമായിരുന്നു ദൂരക്കാഴ്ച. ഇതുസംബന്ധമായി എയർ ട്രാഫിക് മാനേജർ കീഴുദ്യോഗസ്ഥർക്കു മുന്നറിയിപ്പു നൽകിയിരുന്നു. കൂടാതെ, കാറ്റിന്റെ ഗതിമാറ്റമുണ്ടാകുമെന്നു യുഎഇയിലെ വിവിധ വിമാനത്താവളങ്ങൾക്കും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അന്നു രാവിലെ മുന്നറിയിപ്പു നൽകിയിരുന്നു.

കഴിഞ്ഞ മാസം മൂന്നിന് ഉച്ചയ്ക്കു തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് ഇകെ 521 വിമാനം ദുബായ് റൺവേയിൽ ഇടിച്ചിറങ്ങി തീ പിടിക്കുകയായിരുന്നു. 18 ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന 300 പേരെയും 90 സെക്കൻഡിനുള്ളിൽ രക്ഷപ്പെടുത്താൻ സാധിച്ചിരുന്നു. എന്നാൽ, രക്ഷാദൗത്യത്തിനിടെ എയർപോർട് സിവിൽ ഡിഫൻസിലെ ഉദ്യോഗസ്ഥനായ ജാസിം ഇൗസാ അൽ ബലൂഷി മരിക്കുകയും 13 യാത്രക്കാർക്ക് നിസാര പരുക്കേൽക്കുകയും ചെയ്തു. യാത്രക്കാരുടെ ബഗേജുകളും വിലപിടിപ്പുള്ള രേഖകളും നഷ്ടപ്പെട്ടു. ഇവർക്കു പിന്നീട് അധികൃതർ നഷ്ടപരിഹാരം നൽകി.

കാലാവസ്ഥാ ശാസ്ത്രജ്ഞർ, വിമാന നിർമാണ രംഗത്തെ വിദഗ്ധർ എന്നിവരും അന്വേഷണവുമായി സഹകരിച്ചതായി അധികൃതർ പറഞ്ഞു.

NO COMMENTS

LEAVE A REPLY