മഹാരാഷ്ട്രയില്‍ വോട്ടിങ്ങ് മെഷീനില്‍ കൃത്രിമം – വോട്ടുകളെല്ലാം ബിജെപിയിലേക്ക് – ഇക്കാര്യം നിഷേധിച്ചു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

210

പൂനെ: മഹാരാഷ്ട്രയില്‍ സത്താര ജില്ലയിലെ കൊറിഗോണ്‍ ടെഹ്സിലുള്ള നാവല്‍വാഡി ഗ്രാമത്തിലെ പോളിങ്ങ് ബൂത്തിലാണ് രേഖപ്പെടുത്തുന്ന വോട്ടുകളെല്ലാം ബിജെപിയിലേക്ക് പോകുന്നതെന്നും വോട്ടിങ്ങ് മെഷീനില്‍ ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്കാണ് പോകുന്നതെന്നും വോട്ടര്‍മാര്‍ ആരോപിച്ചത്. പോളിങ്ങ് ബൂത്ത് സന്ദര്‍ശിച്ചപ്പോള്‍ കൃത്രിമം കണ്ടെത്തിയതായി എന്‍സിപി നേതാവ് ശശികാന്ത് ഷിന്‍ഡേയും പറഞ്ഞു. ഉദ്യോഗസ്ഥരോട് പരാതിപെട്ടപ്പോള്‍ മാത്രമാണ് അവര്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ മാറ്റാന്‍ തയ്യാറായതെന്നും ഷിന്‍ഡേ പറഞ്ഞതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.

രാവിലെയോടെയാണ് വോട്ടര്‍മാര്‍ തന്നെ ബന്ധപ്പെട്ടത്. എന്‍സിപി സ്ഥാനാര്‍ത്ഥി ശ്രീനിവാസ പാട്ടീലിന് ചെയ്യുന്ന വോട്ടുകളെല്ലാം ബിജെപി സ്ഥാനാര്‍ത്ഥി ഉദയന്‍ രാജെ ബോസ്ലെയ്ക്ക് പോകുന്നുവെന്നാണ് വോട്ടര്‍മാര്‍ പറഞ്ഞത്. താന്‍ അവിടെ എത്തിയപ്പോഴേക്കും ഏകദേശം 270 ഓളം വോട്ടുകള്‍ രേഖപ്പെടുത്തി കഴിഞ്ഞിരുന്നു, ഷിന്‍ഡേ പറഞ്ഞു.അതേസമയം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിച്ചു.

വോട്ട് രേഖപ്പെടുത്തിന് മുന്‍പ് തന്നെ ബിജെപിയുടെ താമര ചിഹ്നത്തിന് നേരെയുള്ള ബട്ടണ്‍ തെളിഞ്ഞ സംഭവവും ഉണ്ടായി.ഇതോടെ വോട്ടിങ്ങ് യന്ത്രത്തില്‍ തകരാറ് ഉണ്ടെന്ന് പോളിങ്ങ് ഉദ്യോഗസ്ഥരും സമ്മതിച്ചെന്ന് ഷിന്‍ഡേ പറയുന്നു. വോട്ടര്‍മാര്‍ പരാതി ഉയര്‍ത്തിയതോടെ സംശയം ദൂരികരിക്കുന്നതിനായി പാര്‍ട്ടി ഏജന്‍റുമാരോടും വോട്ടര്‍മാരോടും മോക്ക് ടെസ്റ്റിനായി ഫീസ് അടയ്ക്കാനായിരുന്നു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്.

പ്രധാന പോളിങ്ങ് ഉദ്യോഗസ്ഥന്‍റെ സാന്നിധ്യത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരാള്‍ വോട്ട് രേഖപ്പെടുത്തിയതോടെ മെഷീന്‍ പെട്ടെന്ന് പ്രവര്‍ത്തന രഹിതമായെന്നും ഷിന്‍ഡേ പറഞ്ഞു. ഇതോടെ മാത്രമാണ് വോട്ടിങ്ങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായതെന്നും ഷിന്‍ഡേ പറഞ്ഞു.എന്‍സിപി എംഎല്‍എയായിരുന്ന ഉദയന്‍രാജെ ഭോസലെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സത്താരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതേസമയം ആരോപണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. വോട്ടിങ്ങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചത് ക്രിത്രിമം ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നല്ല, മറിച്ച്‌ ബട്ടണ്‍ അമര്‍ത്തുന്നത് സംബന്ധിച്ചുള്ള ചില തകരാറുമായി ബന്ധപ്പെട്ടാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

NO COMMENTS