ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17 മുതൽ

18

തിരുവനന്തപുരം : ജില്ലാ ആസൂത്രണ സമിതിയംഗങ്ങളുടെ തിരഞ്ഞെടുപ്പ് മേയ് 17, 18, 19 തീയതികളിൽ നടത്തും. ആസൂത്രണ സമിതി ചെയർമാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറി ജില്ലാ കളക്ടറുമാണ്. ഒരംഗത്തെ സർക്കാർ നോമിനേറ്റ് ചെയ്യും. മറ്റ് 12 അംഗങ്ങളെ ജില്ലാ പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ കൗൺസിലർമാരു മാണ് തിരഞ്ഞെടുക്കുന്നത്. 17ന് ജില്ലാ പഞ്ചായത്ത് 18ന് മുനിസിപ്പാലിറ്റി 19ന് കോർപ്പറേഷൻ എന്നീ ക്രമത്തിൽ അംഗങ്ങളെ തിരഞ്ഞെടുക്കും. ജില്ലാ കളക്ടറാണ് വരണാധികാരി.

ജില്ലയിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തയ്യാറാക്കുന്ന പദ്ധതികൾ സംയോജിപ്പിക്കുന്നതിനും ജില്ലയ്ക്കു മുഴുവനായി ഒരു കരടു വികസന പദ്ധതി തയ്യാറാക്കുന്നതിനുമാണ് ആസൂത്രണ സമിതി രൂപീകരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ജില്ലാ കളക്ടർമാരുമായി ഓൺലൈനിൽ ചർച്ച നടത്തി. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികളുടേയും ചെലവു കണക്കുകൾ പരിശോധിച്ച് സമയബന്ധിതമായി സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.

ജൂണിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുകയാണ്. പിഴവുകളില്ലാത്ത വോട്ടർപട്ടിക തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങളും യോഗം ചർച്ച ചെയ്തു.

NO COMMENTS