സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കെ

226

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കെ. ഉപതെരഞ്ഞെടുപ്പ് നടന്ന 18 വാര്‍ഡുകളില്‍ പത്തിലും എല്‍ഡിഎഫ് വിജയം സ്വന്തമാക്കി. യുഡിഎഫ് ഏഴുവാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി ഒരു സീറ്റ് സ്വന്തമാക്കി.
എല്‍ഡിഎഫ് മൂന്ന് വാര്‍ഡുകള്‍ പിടിച്ചെടുത്തപ്പോള്‍ രണ്ട് സീറ്റുകള്‍ നഷ്ടമായി. യുഡിഎഫിന്റെ കോട്ടയായ മലപ്പുറത്താണ് എല്‍ഡിഎഫ് രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തത്. യുഡിഎഫ് രണ്ട് സീറ്റ് പിടിച്ചെടുത്തപ്പോള്‍ രണ്ടെണ്ണം നഷ്ടപ്പെട്ടു. ഒരു സീറ്റ് വിജയിച്ച ബിജെപിക്ക് ഒരു സീറ്റ് നഷ്ടമായി. കേരളകോണ്‍ഗ്രസിന് ഒരു സീറ്റ് നഷ്ടമായി. മലപ്പുറം ജില്ലയിലെ തലക്കാട്, എടക്കര എന്നീ വാര്‍ഡുകളാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. രണ്ടും ലീഗിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു. പത്തനംതിട്ട കോട്ടാനല്ലില്‍ കേരളാ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം അമ്ബൂരിയില്‍ ഇടത് സ്വതന്ത്രന്‍ വിജയിച്ചിരുന്ന സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയില്‍ ബിജെപി വിജയിച്ചിരുന്ന കടപ്പുറം സൗത്തില്‍ യുഡിഎഫ് അട്ടിമറി വിജയംനേടി. കോട്ടയം ഉദയനാപുരം, കല്ലറ, പാമ്ബാടി, തൃശൂര്‍ മാള, പാലക്കാട് കൊടുവായൂര്‍, വയനാട് നൂല്‍പ്പുഴ, തലശേരി ബ്ലോക്ക് പഞ്ചായത്തിലെ ധര്‍മ്മടം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സീറ്റ് നിലനിര്‍ത്തി. മലപ്പുറം മൂര്‍ക്കനാട്, കണ്ണൂര്‍ പയ്യാവൂര്‍, കോട്ടക്കല്‍, ഫറൂഖ് മുനിസിപ്പാലിറ്റികള്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ യുഡിഎഫും സീറ്റ് നില നിര്‍ത്തി. തിരുവനന്തപുരം മാറനല്ലൂരിലാണ് ബിജെപി അപ്രതീക്ഷിത വിജയം സ്വന്തമാക്കിയത്. മാറനല്ലൂര്‍ പഞ്ചായത്തിലെ ഊരൂട്ടമ്ബലം വാര്‍ഡാണ് ഇടതുമുന്നണിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 26 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത വിജയം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്ന എല്‍ഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോട്ടക്കല്‍ ചീനംപത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ഗിരിജ വിജയിച്ചു. ഫറൂക്ക് മുനിസിപ്പാലിറ്റി ഏഴാം വാര്‍ഡില്‍ യുഡിഎഫിലെ ഇകെ താഹിറ വിജയിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ ചമതച്ചാല്‍ വാര്‍ഡിലും യുഡിഫിനാണ് വിജയം.

NO COMMENTS