രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്

227

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് രാഷ്ട്രപതിയെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. എന്‍ ഡി എയുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ പൊതു സ്ഥാനാര്‍ഥി മീരാകുമാറും തമ്മിലാണ് മത്സരം. ഈ മാസം 20നാണ് വോട്ടെണ്ണല്‍. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളുടെ വോട്ടെടുപ്പ് പാര്‍ലിമെന്റിലെ 62ാം നമ്ബര്‍ മുറിയിലാണ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ ആറാം നമ്ബര്‍ കൗണ്ടറില്‍ വോട്ട് രേഖപ്പെടുത്തും. എം എല്‍ മാര്‍ക്കുള്ള വോട്ടിംഗ് സൗകര്യം അതത് നിയമസഭകളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയ എം പിമാര്‍ക്കും നിയമസഭകളില്‍ വോട്ട് രേഖപ്പെടുത്താനാകും. അതേസമയം, ബി ജെ പി അധ്യക്ഷനും ഗുജറാത്തിലെ എം എല്‍ എയുമായ അമിത്ഷാ എം പിമാരോടൊപ്പം പാര്‍ലിമെന്റില്‍ വോട്ട് രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പേത്യേക അനുമതി വാങ്ങിയാണ് അമിത് ഷാ പാര്‍ലിമെന്റില്‍ വോട്ട് ചെയ്യുന്നത്.

കൃഷി മന്ത്രാലയ അഡീഷനല്‍ സെക്രട്ടറി ഉത്പല്‍ കുമാര്‍ സിംഗ്, വിദേശാകര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി എ വി എസ് എന്‍ പ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നിരീഷണത്തിനായി 33 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് വേണ്ടി പാര്‍ലി മെന്റ് ഹൗസിലും സംസ്ഥാന നിയമസഭകളിലുമായി 32പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചത്. സംസ്ഥാന നിയമസഭകളിലെ വോട്ടെടുപ്പ് സമയം കഴിഞ്ഞ ഉടന്‍ ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയില്‍ എത്തിക്കും. നിലവിലെ കക്ഷിനില അനുസരിച്ച്‌ എന്‍ ഡി എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വിജയിക്കുമെന്ന് ഉറപ്പാണ്. എന്‍ ഡി എ കക്ഷികളെ കൂടാതെ, എ ഐ എ ഡി എം കെയുടെ ഇരു വിഭാഗങ്ങള്‍, ബി ജെ ഡി, ടി ആര്‍ എസ്, ശിവസേന, വൈ എസ് ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും കോവിന്ദിന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താല്‍ അദ്ദേഹത്തിന് 60 ശതമാനത്തിലധികം വോട്ടുകള്‍ ലഭിക്കും.

കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ആര്‍ ജെ ഡി തുടങ്ങി 17 പ്രതിപക്ഷ പാര്‍ട്ടി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയാണ് മുന്‍ ലോക്സഭാ സ്പീക്കറായ മീരാകുമാര്‍. ആം ആദ്മി പാര്‍ട്ടിയും മീരാകുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മീരാകുമാറിന് ആ കെ വോട്ടുമൂല്യത്തിന്റ 37.9 ശതമാനം വോട്ടുലഭിക്കുമെന്നാണ് വിലയിരുത്തല്‍.
രാജ്യസഭയിലെയും ലോകസ്ഭയിലെയും എം പിമാര്‍, സംസ്ഥാന നിയമസഭകളിലെ എം എല്‍ എമാര്‍ എന്നിവരടങ്ങുന്ന ഇലക്ടറല്‍ കോളജ് വഴിയാണ് തിരഞ്ഞെടുപ്പ്. 4120 എം എല്‍ എമാര്‍, 776 എം പിമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 4896 വോട്ടര്‍മാര്‍ ചേരുന്നതാണ് ഇലക്ടറല്‍ കോളജ്. പാര്‍ലിമെന്റിലേക്കും നിയമസഭകളിലേക്കും നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടില്ല.