ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ് – കേരളം കേന്ദ്രത്തിനു കത്തെഴുതി

85

തിരുവനന്തപുരം : ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യം) റാങ്കിങ്ങ് കണക്കാക്കുന്നതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ടു കേരളം കേന്ദ്രത്തിനു കത്തെഴുതി. ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ( ഡി പി ഐ ഐ ടി) ബിസിനസ് റിഫോം ആക്ഷൻ പ്ലാൻ 2019 ന്റെ ഭാഗമായി പുറത്തിറക്കിയ 2018-19 സാമ്പത്തിക വർഷത്തെ റാങ്കിംഗ് പട്ടിക പുനഃപ്പരിശോധിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

കേന്ദ്ര ധനമന്ത്രാലയം സെപ്റ്റംബർ അഞ്ചിനു പുറത്തിറക്കിയ റാങ്കിങ്ങിൽ സംസ്ഥാനത്തിന്റെ റാങ്ക് 28 ആണ്. കഴിഞ്ഞവർഷം 21 ആയിരുന്നു. കേരളം ഏറെ നിക്ഷേപസൗഹൃദമായ സാഹചര്യത്തിലുള്ള ഇത്തരമൊരു കണക്ക് വസ്തുതാവിരുദ്ധമാണ്. പോയിന്റുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ ഗ്രൂപ്പുകളായി തിരിക്കുമെന്ന തീരുമാനത്തിൽനിന്നു മാറി മുൻവർഷങ്ങളിലെ റാങ്കിങ്ങ് സംവിധാനം തുടർന്ന ഡിപിഐഐടി നടപടി ആശ്ചര്യപ്പെടുത്തുന്നതാണ്.

ഡിപിഐഐടി പുറപ്പെടുവിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേരളം 187 പരിഷ്‌ക്കരണങ്ങളിൽ 157 ഉം നടപ്പാക്കി. അതിന്റെ അടിസ്ഥാനത്തിൽ 85 ശതമാനം പോയിന്റിന് അർഹതയുള്ള സംസ്ഥാനത്തെ ‘ഫാസ്റ്റ് മൂവർ’ വിഭാഗത്തിലായിരുന്നു ഉൾപ്പെടുത്തേണ്ടിയിരുന്നത്. ഒരു പരിഷ്‌ക്കാരവും നടപ്പാക്കാത്ത ചില കേന്ദ്ര ഭരണപ്രദേശങ്ങൾ റാങ്കിങ്ങിൽ ഏറെ മുന്നിലാണ്.

ദ കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്റ്റ് 2018, ദ കേരള മൈക്രോ സ്മോൾ മീഡിയം എന്റർപ്രൈസസ് ഫെസിലിറ്റേഷൻ ആക്റ്റ് 2019 എന്നിവ അടക്കം വ്യവസായ വികസനം ഊർജ്ജിതമാക്കാൻ സംസ്ഥാനം സ്വീകരിച്ച നടപടികൾ കത്തിൽ പരാമർശിക്കുന്നുണ്ട്. എംഎസ്എംഇ സംരംഭം തുടങ്ങാൻ മുൻകൂർ അനുമതി വേണമെന്നെ വ്യവസ്ഥ കൊണ്ടുവന്നതാണ് 2019 ലെ ആക്റ്റ്. ഈ നിയമം നിലവിൽ വന്ന് ഏഴ് മാസത്തിനകം ഇതുപ്രകാരം 3559 സംരംഭങ്ങൾ പ്രവർത്തനം തുടങ്ങി. എം എസ് എം ഇ മേഖലയിലാകെ കഴിഞ്ഞ നാലു വർഷത്തിനിടെ വൻകുതിപ്പാണുണ്ടായത്.

2016 നു ശേഷം 52137 എം എസ് എം ഇ യൂണിറ്റുകൾ തുടങ്ങി. സംസ്ഥാനത്ത് നിലവിലുള്ള എം എസ് എം ഇകളുടെ 40 ശതമാനം വരുമിത്. ഇതുവഴി 5000 കോടിയോളം നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലും സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ 18 മാസത്തിനിടെ 3600 കോടി മുതൽമുടക്കുള്ള 29 വൻകിട നിക്ഷേപങ്ങളും ഉണ്ടായി. അസൻഡ് എന്ന പേരിൽ സംസ്ഥാനം എല്ലാ വർഷവും നടത്തുന്ന ആഗോള നിക്ഷേപക സംഗമം വൻവിജയമാണ്. അസൻഡ് 2020 ൽ 2700 പ്രതിനിധികൾ പങ്കെടുത്തു. 1,00,365 കോടി രൂപയുടെ നിക്ഷേപങ്ങൾക്കുള്ള ധാരണാപത്രങ്ങൾ ഒപ്പിട്ടതായും കത്തിലുണ്ട്.

ഈ വസ്തുതകൾ കണക്കിലെടുക്കുമ്പോൾ, റാങ്കിങ്ങ് സുതാര്യവും വിശ്വാസ്യത ഇല്ലാത്തതുമാണെന്ന് തെളിയും. ഇത്തരം റാങ്കിങ്ങുകൾ നിക്ഷേപകരിൽ വലിയ ആശങ്ക സൃഷ്ടിക്കും. നിക്ഷേപസൗഹൃദമായ കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് വലിയതിരിച്ചടിയാകും. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങിന്റെ വിശ്വാസ്യത നിലനിർത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

NO COMMENTS